സുഹൃത്തുക്കള്‍ തന്നെ വിളിച്ചിരുന്നത് മംമ്ത മോദി എന്ന്, കാരണം വെളിപ്പെടുത്തി നടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്‍ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് നടിക്ക് തിരികെ നോക്കേണ്ടി വന്നിട്ടില്ല. സൂപ്പര്‍ താരങ്ങളുടെയൊക്ക നായികയായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് മുഴുവന്‍ നടി സജീവമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും നടി മടി കാണിച്ചിട്ടില്ല. അഭിനയത്തിന് പിന്നാലെ ഗായികയായും നടി തിളങ്ങി. അടുത്തിടെ നിര്‍മാണ രംഗത്തും ചുവടുവെച്ചു. ഇപ്പോള്‍ നടി ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലെ വാക്കുകളാണ് വൈറല്‍ ആവുന്നത്. തനിക്ക് സുഹൃത്തുക്കള്‍ നല്‍കിയ ഇരട്ട പേരാണ് മംമ്ത വെളിപ്പെടുത്തിയത്. മംമ്ത മോദി എന്നാണ് തന്നെ സുഹൃത്തുക്കള്‍ വിളിക്കാറുള്ളതെന്ന് നടി പറയുന്നു.

പല സുഹൃത്തുക്കളും എന്നെ ഇപ്പോള്‍ മംമ്താ മോഹന്‍ദാസ് എന്നല്ല മംമ്താ മോദി എന്നാണ് വിളിക്കുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാം പോലെ ഈ യാത്രയും സാഹചര്യം ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരു ഘട്ടത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ ലോസാഞ്ചലസില്‍ ജീവിതം പൂര്‍ണമായും അടിയറവ് വെക്കേണ്ടി വന്നു. അങ്ങനെ 2015 സമ്മര്‍ മുതല്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യ, കാനഡ, ദുബായ് എന്നിങ്ങനെ യാത്ര ചെയ്യുകയാണ്.

കേരളത്തില്‍നിന്ന് എറ്റവും കൂടുതല്‍ തവണ അമേരിക്കയിലേക്ക് പോയി വരുന്ന ആള്‍ മംമ്താ ആണോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. യാത്രകളാണ് ഇത്തരമൊരു പേരിന് ഇടയാക്കിയത്. നിലവിലേതിനേക്കാള്‍ കുറഞ്ഞ ഇടവേളകളിലായിരുന്നു ആദ്യ കാലത്തെ യാത്രകള്‍. അപ്പോഴൊക്കെ ഒരുപാട് സിനിമകള്‍ വേണ്ടെന്നുവെക്കേണ്ടി വന്നു. പിന്നീട് സിനിമകള്‍ കുറച്ച് ഞാന്‍ അവധിക്കാലങ്ങളുടെ എണ്ണം കൂട്ടി. ഇത്തരത്തിലുള്ള വലിയ ഇടവേളകള്‍ ജോലിയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതിനേക്കുറിച്ച് ഞാന്‍ പലരോടും അന്ന് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഈ കൊറോണക്കാലത്താണ് അവധികളെടുത്ത് ഊര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലരും മനസ്സിലാക്കിയത്, അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.