ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമം, അറസ്റ്റ്

കൊല്ലം: ബലാത്സംഗ കേസിൽ അകത്തായ പ്രതി പുറത്തിറങ്ങി അതേ കുറ്റം ആവർത്തിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചവറ സ്വദേശി അനന്തു ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ചടയമംഗലം സ്വദേശിനിയായ 16-കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ ഇയാൾ തട്ടികൊണ്ടുപോയി വിവിധയിടങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തു. ഈ കേസിൽ പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 70 ദിവസം റിമാൻഡിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമായിരുന്നു ജാമ്യത്തിൽ ഇറങ്ങിയത്.

ഇതിന് ശേഷം വീട്ടിലേക്കുള്ള യാത്രക്കിടെ നേരത്തെ ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വീണ്ടും കാണുകയും വിവാഹ വാഗ്ദാനം നൽകി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ 16-കാരിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി വീണ്ടും അകത്താകുകയായിരുന്നു.