10000കോടി നഷ്ടപരിഹാരം നൽകണം; കൂട്ടബലാത്സംഗ കേസിലെ കുറ്റവിമുക്തന്‍ കോടതിയിൽ, ലൈംഗികസുഖം അടക്കം നഷ്ടങ്ങള്‍ പലത്

ഇന്ദോര്‍: കൂട്ടബലാത്സംഗക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ആദിവാസി യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. തെറ്റായ കുറ്റങ്ങള്‍ചുമത്തിയതിന്‍റെ പേരില്‍ 666 ദിവസം ജയില്‍വാസം അനുഭവിച്ചതിന് നഷ്ടപരിഹാരമായി മധ്യപ്രദേശ് സര്‍ക്കാര്‍ 10006 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

റത്‌ലാം സ്വദേശിയായ കാന്തു എന്ന കാന്തിലാല്‍ ഭീല്‍ (35) ആണ് ഇത്ര വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജയില്‍വാസം അനുഭവിച്ച രണ്ടു വര്‍ഷക്കാലയളവില്‍ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സമ്മാനമായ ലൈംഗിക സുഖം ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുത്തിയതിന് 10000 കോടി രൂപ വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കുടുംബജീവിതം നഷ്ടപ്പെട്ടതിനും മാനസിക സമ്മര്‍ദം അനുഭവിച്ചതിനും വിദ്യാഭ്യാസം, ജോലി, കരിയര്‍, വിശ്വാസ്യത എന്നിവ നഷ്ടപ്പെട്ടതിനും ഒരു കോടി രൂപ വീതമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ജയിലില്‍ കിടന്ന കാലയളവിലെ കോടതി വ്യവഹാര ചെലവുകള്‍ക്കായി രണ്ടുലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പത്തിന് ജില്ലാ കോടതി ഹര്‍ജി പരിഗണിക്കുമെന്ന് കാന്തിലാലിന്റെ അഭിഭാഷകനായ വിജയ് സിങ് യാദവ് അറിയിച്ചു.ദൈവാനുഗ്രഹം കൊണ്ടാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായതെന്നും രണ്ടുവര്‍ഷക്കാലത്തെ ജയില്‍വാസത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരിക്കാനാകില്ലെന്നും കാന്തിലാല്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

പോലീസ് കെട്ടിച്ചമച്ച കേസാണിത്. ജയില്‍വാസം ജീവിതം കീഴ്‌മേല്‍മറിച്ചു. കടുത്ത ചൂടിലും തണുപ്പിലും വസ്ത്രം പോലുമില്ലാതെയാണ് ജയിലില്‍ കഴിഞ്ഞത്. കഠിനമായ ജയില്‍വാസം മൂലം ത്വക്ക് രോഗവും സ്ഥിരമായ തലവേദന ഉള്‍പ്പെടെയുള്ള മറ്റു രോഗങ്ങളും ഇപ്പോഴും അലട്ടുന്നുണ്ടെന്നും കാന്തിലാല്‍ പറഞ്ഞു.

2018 ജനുവരി 18-ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് കാന്തിലാലിനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.