സ്വർണം പൂശിയ വള പണയം പണയം വച്ച് പണം തട്ടാൻ ശ്രമം, യുവാവ് അറസ്റ്റിൽ

കോട്ടയം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പൂശിയ വള പണയം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ പിടികൂടി. ചങ്ങനാശ്ശേരി അക്ഷരനഗർ സ്വദേശി ദിൽജിത്തിനെയാണ് കോട്ടയം പോലീസ് പിടികൂടിയത്. വേളൂർ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

വെള്ളിയാഴ്ച ഒരു പവൻ തൂക്കമുള്ള വളയുമായി ദിൽജിത്ത് പണമിടപാട് സ്ഥാപനത്തിൽ എത്തിയത്. സ്വർണം പൂശിയ വളക്ക് 31,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിൽ സംശയം തോന്നിയതോടെ സ്ഥാപന ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ദിൽജിത്ത് കോട്ടയം, ചങ്ങനാശേരി സ്‌റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ്.

അതേസമയം തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം എക്‌സൈസ് കണ്ടെത്തി. സിനിമാ താരമായ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേരെ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 1200 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

ഇരിങ്ങാലക്കുട സ്വദേശി ഡോക്ടര്‍ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.