മദ്യലഹരിയിൽ വിമുക്തഭടനെ അടിച്ചുകൊന്നു, തലസ്ഥാനത്ത് 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് മദ്യലഹരിയിൽ വിമുക്തഭടനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപ് (54) ആണ് കൊല്ലപ്പെട്ടത്. പൂജപ്പുരയിൽ ബാറിന് സമീപമുണ്ടായ തർക്കത്തിലാണ് വിമുക്തഭടനെ ആറംഗസംഘം മർദ്ദിച്ചു കൊന്നത്.

ചൊവ്വാഴ്ച രാത്രി 11ന് പൂജപ്പുരയിലെ ബാറിനു സമീപമായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് ആറംഗസംഘം ഇയാളെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് തലയിടിച്ച് വീണ് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പരുക്കേറ്റനിലയിൽ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.