കുറ്റിപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ടു, ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരനായിരുന്ന റഫീഖിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കംഫർട്ട് സ്റ്റേഷൻ കഴിഞ്ഞ ദിവസം രാവിലെ റഫീഖ് അടച്ചിട്ടിരുന്നു.

ഇതിനിടയിൽ ഒരാൾ സ്റ്റേഷനിൽ അകപ്പെട്ടുപോകുകയായിരുന്നു. സ്റ്റേഷൻ അടച്ച് താക്കോലുമായി റഫീഖ് പോയതിനെ തുടർന്ന് നാട്ടുകാരാണ് പൂട്ടു പൊളിച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്. കംഫർട്ട് സ്റ്റേഷനിലേക്ക് റഫീഖ് മദ്യപിച്ച് വരികയും സാമൂഹിക വിരുദ്ധർക്ക് താവളമൊരുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള തർക്കത്തിലാണ് സ്റ്റേഷൻ പൂട്ടിയത്.

അതേസമയം, വനവാസി പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ മുഖ്യപ്രതി ഷിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. വനിതാ ദിനമായ ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത വനവാസി പെൺകുട്ടിയെ മൂന്ന് പേർ മദ്യം നൽകി ബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടി താമസിക്കുന്ന ഊരിന് സമീപത്ത് വച്ചായിരുന്നു സംഭവം. വീടിന് സമീപത്തെത്തിയ പരിചിതനായ ഒരാൾ കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുയും സമീപത്തുള്ള പാറയ്‌ക്കടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു.

ശേഷം, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും കുട്ടിയെ പീഡിപ്പിച്ചു. ശേഷം പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.