ഭാര്യയെയും 10വയസുകാരനായ മകനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് അപായപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണി

മരട്: കൊച്ചിയിൽ ഭാര്യയെയും മകനെയും മുറിയില്‍ പൂട്ടിയിട്ട് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ്. ബുധനാഴ്ച രാവിലെയാണ് സംഭവം. മരട് മണ്ണാപറമ്പ് കുളത്തിങ്കല്‍ വീട്ടില്‍ സേവ്യറിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നസീറാണ് (45) ഭാര്യയെയും 10 വയസ്സുള്ള കുട്ടിയെയും മുറിയില്‍ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയത്.

ഇരുവരെയും അപായപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. അഗ്‌നിരക്ഷാസേനയുടെയും മരട് പോലീസിന്റെയും സമയോജിത ഇടപെടല്‍ ദുരന്തം ഒഴിവാക്കി. ആദ്യം ഇയാളെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അപകടസാഹചര്യമുണ്ടായാല്‍ നേരിടാന്‍ അഗ്‌നിരക്ഷാസേന നിലയുറപ്പിച്ചു. ഇതിനിടെ പോലീസ് സുഹൃത്തുക്കളുമായി സംസാരിപ്പിച്ച് നസീറിന്റെ ശ്രദ്ധ മാറ്റിക്കൊണ്ടിരുന്നു.

പിന്നാലെ നസീറിന്റെ ഭാര്യ പുറകിലെ വാതില്‍ തുറക്കുകയും ഉടന്‍ അഗ്‌നിരക്ഷാസേന അകത്തു കയറി ഗ്യാസ് സിലിന്‍ഡര്‍ എടുത്ത് മാറ്റുകയുമായിരുന്നു. ഇതിന് ശേഷം ഭാര്യയെയും കുട്ടിയെയും നസീറിനെയും പുറത്തെത്തിച്ചു. നസീറിനെ മല്‍പ്പിടിത്തത്തിലൂടെയാണ് പിടികൂടിയത്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.