കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; അഞ്ച് നേതാക്കള്‍ രാജിവെച്ചു

ന്യൂഡല്‍ഹി. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കാശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി. കശ്മീരിലെ പ്രധാനപ്പെട്ട അഞ്ച് നേതാക്കള്‍ ഇതിനോടകം രാജിവെച്ചു. ജിഎം സരൂരി, ഹാജി അബ്ദുല്‍ റഷീദ്, മുഹമ്മദ് ഭട്ട്, ഗുല്‍സര്‍ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവരാണ് രാജിവെച്ചത്.

ഇവര്‍ ഗുലാം നബിയെ ഡല്‍ഹിയില്‍ എത്തി സന്ദര്‍ശിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്. രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് ഗുലാം നബി ആസാദ് ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്താണ് അദ്ദേഹം നല്‍കിയത്.

അതേസമയം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. താന്‍ ജമ്മു കശ്മീരിലേക്ക് പോകുകയാണെന്നും സംസ്ഥാനത്ത് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്നും ദേശീയ സാധ്യത പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നീക്കം.