സിക്കിമിലെ നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞു വീണ് വൻ ദുരന്തം

ഗാങ്‌ടോക്ക്. സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞിടിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയാണ് അകടം സംഭവിച്ചത്. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. സംഭവസ്ഥലത്ത് നിന്നും 22 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സിക്കിം തലസ്ഥാനമായ ഗ്യാങ്‌ടോക്കില്‍ നാഥുലയിലേക്കുള്ള വഴിയില്‍ റോഡിലെ 14-ാം മൈലിലാണ് അപകടം സംഭവിച്ചത്.

അപകടം സംഭവിക്കുമ്പോള്‍ 150ഓളം പേര്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായിട്ടാണ് വിവരം. ദുരന്തത്തിനിരയായവര്‍ എവിടെ നിന്നും എത്തിയവരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതില്‍ 22പേരെ ഇതുവരെ രക്ഷപ്പെടുത്തി. അതേസമയം മഞ്ഞ് നീക്കി കണ്ടെത്തിയ ആറ് പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയുമുണ്ട്.

അപകടത്തില്‍ പെട്ടവര്‍ക്കായിട്ടുള്ള തിരച്ചില്‍ നടന്നുവരുകയാണ്. രക്ഷപ്പെടുത്തിയവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സഞ്ചാരികള്‍ പാസ് ഇല്ലാതെയാണ് ഈ പ്രദേശത്ത് എത്തിയതെന്നാണ് പോലീസ് പറയുന്നത്. 13-ാം വളവ് വരെ പോകുവനാണ് പാസ് നല്‍കിയത്. പാസ് നല്‍കിയ കണക്ക് വെച്ച് 150 പേര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.