കോഴിക്കോട് വൻ ലഹരിവേട്ട, അരക്കോടിയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: അരക്കോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വയനാട് സ്വദേശി ഇസ്മയിൽ ആണ് അറസ്റ്റിലായത്. ഡൽഹിയിൽനിന്ന് ട്രെയിൻമാർ​ഗ്​ഗം 981 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് എക്സൈസ് ആൻറി നാർക്കോട്ടിക് സ്പെഷ്യല്‍ സ്കോഡ് വലയിലാക്കിയത്.

ദിവസങ്ങൾക്ക് മുമ്പ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. ഇസ്മയിലിനു പിന്നിൽ വലിയൊരു സംഘം ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിയേക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചെന്നും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ഗിരീഷ് കുമാർ പറഞ്ഞു.

പത്താം ക്ലാസ് യോഗ്യതയുള്ള പ്രതി, സ്കൂൾ കാലം മുതൽ ലഹരിയ്ക്ക് അടിമയായിരുന്നു. തുടർന്നാണ് വലിയ രീതിയിലുളള വിൽപനയിലേക്ക് തിരിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കാനാണ് എക്സൈസിന്റെ തീരുമാനം