അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി സന്തോഷിനെ ബോഡിമെട്ടില്‍വെച്ചാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് പ്രതി വീടുകള്‍ക്ക് തീയിട്ടത്. പൈനാവ് സ്വദേശി അന്നക്കുട്ടിയുടെയും മകന്റേയും വീടുകള്‍ക്കാണ് തീയിട്ടത്.

അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ് സന്തോഷ്. കുടുംബപ്രശ്‌നമാണ് വീട് തീയിടാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സന്തോഷിന്റെ ഭാര്യ വിദേശത്താണ് ജോലിചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രതിയെ ഇതിലേക്ക് നയിച്ചതെന്നാണ് വിവരം. ജൂണ്‍ അഞ്ചാം തീയതി അന്നക്കുട്ടിയേയും കൊച്ചുമകളേയും ഇതേ പ്രതി ആക്രമിച്ചിരുന്നു.

പെട്രോള്‍ ഉപയോഗിച്ച് തീ കൊളുത്തി കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. അന്ന് നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശേഷം കഴിഞ്ഞ 12-ദിവസമായി അന്നക്കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അന്നക്കുട്ടിയുടെ നില അതീവഗുരുതരമാണ്.

ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടുമെത്തി പ്രതി ആക്രമണം നടത്തുന്നത്. ഇത് പോലീസിന്റെ വീഴ്ചയാണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്.