വിവാഹ ചടങ്ങിനിടെ അറിഞ്ഞത് അപകടവാര്‍ത്ത, പന്തലില്‍ നിന്നും ഓടിയെത്തി രക്ഷിച്ചത് 4 ജീവന്‍

മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച പാണ്ടിക്കാട്ടെ മുജീബിന് തന്റെ ജീവിത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ഒന്നായിരുന്നു. മകളുടെ വിവാഹമായിരുന്നു ശനിയാഴ്ച. സുരക്ഷിതമായി കൈകളില്‍ മകളെ ഏല്‍പ്പിച്ചതിന്റെ സന്തോഷവും അഭിമാനവുമാണ്. മകളുടെ വിവാഹത്തിനിടെ തന്നെ നാല് ജീവനുകളും രക്ഷിച്ച് ഏവര്‍ക്കും മാതൃകയും നാടിന് അഭിമാനവും ആയിരിക്കുകയാണ് മുജീബ്. മകളെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ച ശേഷം വിവാഹ പന്തലില്‍ നിന്നും ഇറങ്ങിയ മുജീബിന്റെ കൈകളിലൂടെ മരണത്തിന്റെ മുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിയത് നാല് പേരാണ്.

പാണ്ടിക്കാട്ടെ ട്രോമാകെയര്‍ പ്രവര്‍ത്തകന്‍ കൂടിയാണ് മുജീബ്. കഴിഞ്ഞ ദിവസം മഞ്ചേരി നെല്ലിക്കുത്ത് വള്ളുവങ്ങാട് പാലത്തില്‍ നിന്നും കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ഈ അപകടത്തില്‍ അഗ്നിരക്ഷാസേനയ്ക്ക് ഒപ്പം മുജീബും സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മകളുടെ നിക്കാഹിന് തൊട്ടുപിന്നാലെയാണ് അപകടത്തിന്റെ വിവരം വാട്‌സ്ആപ്പ് സന്ദേശമായി മുജീബിന് ലഭിക്കുന്നത്. മഞ്ചേരി നെല്ലിക്കുത്ത് വള്ളുവങ്ങാട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞെന്നും യാത്രക്കാര്‍ കുടുങ്ങികിടക്കുകയാണെന്നുമായിരുന്നു സന്ദേശം. സംഭവം അറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ വിവാഹത്തിനെത്തിയ അതിഥികളോട് ഉടന്‍ വരാമെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ നിന്നും മുജീബ് അപ്പോള്‍ തന്നെ ഇറങ്ങി.

വിവാഹ പന്തലില്‍ നിന്നും ഇറങ്ങി ട്രോമാകെയറിന്റെ നീല കുപ്പായം എടുത്തിട്ട് മുജീബും സുഹൃത്തുക്കളും അപകടസ്ഥലത്തേക്ക് പാഞ്ഞു. അപകടത്തില്‍ പെട്ട കാറിനുള്ളില്‍ അഞ്ച് യുവാക്കളാണ് ഉണ്ടായിരുന്നത്. അഞ്ച് പേരെയും കരയ്ക്ക് കയറ്റി എങ്കിലും ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. മഞ്ചേരി വള്ളുവങ്ങാട് പാലത്തില്‍ നിന്നും ആണ് കാര്‍ തോട്ടിലേക്ക് വീണത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുത്തിയൊഴുകിയിരുന്ന തോട്ടിലേക്ക് വീണ കാറില്‍ അഞ്ച് പേര്‍ കുടുങ്ങിയിരുന്നു. ട്രോമാകെയര്‍ വോളന്റിയര്‍മാരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഇവരെ കരക്ക് കയറ്റി. മഞ്ചേരി കാരപ്പറമ്പ് സ്വദേശികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്

മലപ്പുറം ട്രോമാകെയര്‍ പാണ്ടിക്കാട് യൂണിറ്റ് ലീഡറാണ് ഒളവമ്പ്രം സ്വദേശിയായ മുജീബ്. ശനിയാഴ്ചയായിരുന്നു മുജീബിന്റെ മകള്‍ ഷംന ഷെറിന്റെ വിവാഹം. നെന്മേനി സ്വദേശി സാജിദായിരുന്നു വരന്‍. മകളെ സാജിദിന്റെ കൈകളില്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു മുജീബ് അപകടം നടന്ന സ്ഥലത്തേക്ക് പാഞ്ഞത്. ായിരുന്നു.