മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും, നിലപാട് വ്യക്തമാക്കി അമേരിക്ക

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് ഭീകരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ ഒരുങ്ങി അമേരിക്ക. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം തഹാവൂർ റാണയെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാർ യുഎസ് കോടതി തീരുമാനിച്ചത്.

സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക് ഭീകരസംഘടനകൾക്കായി മുംബൈ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ അന്വേഷണം നേരിടുന്നത്.മുംബൈ ഭീകരാക്രമണം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ചിക്കാഗോയിലെ എഫ്ബിഐ റാണയെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയ്‌ക്ക് അതിനുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഉടൻ തന്നെ റാണയെ ഇന്ത്യക്ക് കൈമാറുമെന്നും അസിസ്റ്റന്റ് യുഎസ് അറ്റോർണിയും ക്രിമിനൽ അപ്പീൽ മേധാവിയുമായ ബ്രാം ആൽഡനാണ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച അമേരിക്കൻ കീഴ് കോടതികളുടെ ഉത്തരവ് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

റാണയും സുഹൃത്തായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും ചേർന്ന് ആക്രമണം നടത്താൻ മുംബൈയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശിക്ഷ പൂർത്തിയാക്കി ജയിൽ മോചനത്തിന് ഒരുങ്ങുന്ന വേളയിലാണ് റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിനെതിരെ റാണ അമേരിക്കൻ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, കുറ്റവാളികളെ കൈമാറാനുള്ള നിയമത്തിന്റെ പരിധിയിൽ വരുന്നത് കൊണ്ട് റാണയെ ആവശ്യപ്പെടാൻ ഇന്ത്യക്ക് പൂർണ്ണമായും അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.