എന്നെന്നും കാവല്‍ മാലാഖയായി ഞാനുണ്ടാവും, മകനെ ഓമനിച്ച നവ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത നടി ഇപ്പോള്‍ വീണ്ടും തിരികെ എത്തുകയാണ്. സോഷ്യല്‍ മീഡിയകളിലും സജീവമായ നടി തന്റെ ജീവിത്തിലെയും കുടുംബത്തിലെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. നടിയുടെ മകന്‍ സായി കൃഷണ്യുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിവസം മകനുമൊത്ത് നടിയും ഭര്‍ത്താവ് സന്തോഷ് മേനോനും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ അബാദില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുന്നത്. മകന് ജന്മദിന സമ്മാനമായി ആപ്പിള്‍ വാച്ച് സീരീസ് 6 ആണ് നല്‍കിയത്. സര്‍പ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു.

ദിലീപിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് എത്തിയത്. നവ്യയുടെ അമ്മാവനാണ് കെ മധു. അഴകിയ തീയേ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002ല്‍ പുറത്തെത്തിയ നന്ദനം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടിയായി നവ്യമാറി. നന്ദനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. പിന്നീട് കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2005ലും പുരസ്‌കാരം ലഭിച്ചു.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത നടി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം.