നടുവേദനയ്‌ക്ക് നല്‍കിയത് കാന്‍സറിനുള്ള മരുന്ന്; പിന്നാലെ വയോധിക മരിച്ചു; തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം

പാലക്കാട്: തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ആലത്തൂര്‍ സ്വദേശികള്‍. ആശുപത്രിയില്‍ മരുന്ന് മാറി നല്‍കിയതിന്റെ പാര്‍ശ്വഫലംമൂലം വയോധിക മരിച്ചെന്നാണ് ആരോപണം.നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂര്‍ പഴമ്ബാലക്കോട് സ്വദേശി സാവിത്രിയ്‌ക്ക് കാന്‍സറിന്റെ മരുന്ന് നല്‍കിയെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. പ്രസവത്തോടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രിയില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ പറഞ്ഞ് നിരവധിപേരാണ് രംഗത്ത് വരുന്നത്

പരാതി നല്‍കി ഒരു വര്‍ഷം പിന്നിടുമ്ബോഴും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് മരിച്ച സാവിത്രിയുടെ കുടുംബം ആരോപിക്കുന്നു.2021 ഫെബ്രുവരി 5 നാണ് നടുവേദനയെ തുടര്‍ന്ന് സാവിത്രിയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് മരുന്ന് മാറി നല്‍കി. ഇതോടെ ശരീരം മുഴുവന്‍ പുണ്ണ് വന്ന് രക്തമൊലിച്ച്‌ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് നടുവേദനയ്‌ക്ക് നല്‍കിയത് ക്യാന്‍സറിനുള്ള മരുന്നായിരുന്നുവെന്ന് വ്യക്തമായത്.

ഇത് തങ്കം ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ പത്തുപേര്‍ക്ക് ഈ മരുന്ന് കൊടുക്കുമ്ബോള്‍ അവരില്‍ അഞ്ചുപേര്‍ ജീവിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്യും. ഞങ്ങള്‍ എന്താണ് ചെയ്യുകയെന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ കുടുംബം കേസുമായി മുന്നോട്ട് പോയപ്പോള്‍ തങ്കം ആശുപത്രി അധികൃതര്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചുവെന്നും മരിച്ച സാവിത്രിയുടെ ഭര്‍ത്താവ് മോഹനന്‍ പറയുന്നു.