വിഴിഞ്ഞം സംഘര്‍ഷം; നാല് പോപ്പുലര്‍ ഫ്രണ്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു

തിരുവനന്തപുരം. തുറമുഖ വിരുദ്ധ സമരത്തിന് വിദേശ സഹായമുള്‍പ്പെടെയണ്ടെന്ന് നിഗമനത്തില്‍ രഹസ്യ നിരീക്ഷണം നടത്തുന്ന എന്‍ഐഎ, പിഎഫ്‌ഐക്ക് പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ അന്വേണത്തിലേക്ക് കടന്നു. എന്‍ഐഎ സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞം പോലീസ് സ്‌റ്റേഷനില്‍ എത്തി.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ കോവളം സ്വദേശി ഉമ്മര്‍ ഉള്‍പ്പെടെ നാല് പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പ്രദേശത്തെ മുന്‍ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ ലിസ്റ്റും പോലീസ് ശേഖരിച്ചു. വിഴിഞ്ഞത്തും പരിസരപ്രദേശത്തും മൂന്ന് മണിക്കൂറോളം സംഘം നിരീക്ഷണം നടത്തി. സ്‌റ്റേഷന്‍ ആക്രമിച്ച ദിവസത്തെ സ്ഥിതി പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ച് മനസ്സിലാക്കി.

പിഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരക്കാര്‍ക്കിടിയില്‍ നുഴഞ്ഞ് കയറി കലാപത്തിന് ശ്രമിച്ചുവെന്നത് എന്‍ഐഎ ഗൗരവത്തോടെയാണ് കാണുന്നത്. സ്‌പെഷ്യല്‍ പോലീസ് മേധാവി ഡിഐജി ആര്‍ നിശാന്തിനി തുറമുഖ പ്രദേശത്ത് എത്തിയതിന് പിന്നാലെയാണ് എന്‍ഐഎ സംഘം എത്തിയത്.