നിപ്പ വൈറസ്: വ്യാജപ്രചരണങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: നിപ്പ വൈറസ് ബാധയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. തിങ്കളാഴ്ച്ച വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജേക്കബ് വടക്കാഞ്ചേരിയും മോഹനന്‍ വൈദ്യരും നടത്തുന്ന പ്രചരണങ്ങള്‍ തടയണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രി വിട്ടു. രോഗ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നവരാണ് ആശുപത്രി വിട്ടത്. നിലവില്‍ 23 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

ഇതിനിടെ നിപ്പ ലക്ഷണങ്ങളോടെ കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായ മൂന്ന് പേര്‍ക്കും നിപ്പ അല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു. എറണാകുളത്തും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

അതിനിടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിപ്പ ലക്ഷണത്തോടെ ഒരാളെ പ്രവേശിപ്പിച്ചു. ആകെ 23 പേരാണ് സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.