നിത്യാനന്ദ വിളിക്കുന്നു, കൈലാസത്തിലേക്ക്, പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് അറിയിപ്പ്

നിത്യാനന്ദയുടെ കൈലാസത്തിലേക്ക് ക്ഷണം. തന്റെ രാജ്യമായ കൈലാസത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിക്കുന്നതായി സാമൂഹ്യ മാധ്യമം വഴി അറിയിച്ചിരിക്കുകയാണ് നിത്യാനന്ദ. ബലാത്സംഗ കുറ്റം ചുമത്തപെട്ടു ഒളിവില്‍ കഴിയുന്ന നിത്യാനന്ദ, തന്റെ രാജ്യമായ കൈലാസത്തിൽ പൗരത്വത്തിന് വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുകയാണ്.

പൗരത്വം സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അറിയിപ്പിൽ, ഹിന്ദു മതം പിന്തുടരുകയോ ഹിന്ദു പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രൂപ്പില്‍ ചേര്‍ന്നവരോ ആണെങ്കില്‍ സൗജന്യമായി കൈലാസത്തിന്റെ ഇ – പൗരത്വം എടുക്കാം എന്നാണ്‌ അറിയിച്ചിരിക്കുന്നത്. ഇതോടെ ഒരു ആഗോള ഹിന്ദു കുടുംബത്തിന്റെ ഭാഗമാകാമെന്നും നിത്യാനന്ദ പറഞ്ഞിട്ടുണ്ട്.

കൈലാസയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ നിന്ന് പൗരത്വവുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകള്‍ വന്നിരിക്കുകയാണ്. പൗരത്വത്തിനായി നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താൽ ഒരു പേജ് തുറക്കും. ഇതില്‍, ആദ്യത്തെ കോളത്തില്‍ പേര്, ഇ-മെയില്‍, വിലാസം, നഗരം, സംസ്ഥാനം, രാജ്യം, തൊഴില്‍, തുടര്‍ന്ന് ഫോണ്‍ നമ്പര്‍ തുടങ്ങിയവാ രേഖപ്പെടുത്തണം. പൗരത്വം വേണ്ടവര്‍ ഈ ഫോം പൂരിപ്പിച്ച് നല്‍കണം എന്നാണ്‌ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പൗരത്വം എടുത്ത ശേഷം ഒരാള്‍ക്ക് എങ്ങനെ കൈലാസത്തിലെത്താമെന്നും അവിടെ എത്രനാള്‍ സ്ഥിരതാമസമാക്കാമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് നിത്യാനന്ദ ഒന്നും പറഞ്ഞിട്ടില്ല.