ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇനിമുതല്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: ഇനിമുതല്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം. എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭിക്കില്ല. സൗജന്യ ചികിത്സ ലഭിക്കുന്നതിനായി കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് വച്ചരിക്കുന്നത്. ഈ ഞായറാഴ്ച മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.

നിലവില്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത് ലഭിക്കില്ല. ബി പി എല്‍ വിഭാഗക്കാരെ എ, ബി എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. സ്ഥിരം വരുമാനം ഇല്ലാത്തവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും, കുടുംബത്തില്‍ മാറാരോഗികള്‍ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ ലഭിക്കൂ.

വിധവയുണ്ടെങ്കില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നതിന്റെ രേഖയും അത്തരത്തിലുള്ളവര്‍ ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇത്തരത്തില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കുന്നവരെയാണ് എ വിഭാഗത്തില്‍ പെടുത്തിയത്. ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരാണ് ബി വിഭാഗത്തില്‍. അവര്‍ക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനം മാത്രമാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വരുമാനത്തില്‍ നിന്നാണ് സൗജന്യ ചികിത്സ നല്‍കിയിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഇതിനായി സാമ്പത്തിക സഹായം കിട്ടുന്നില്ലെന്നും ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബിപിഎല്ലിന്റെ പേരില്‍ അനര്‍ഹക്ക് ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ മാനദണ്ഡങ്ങളെന്നും അധിക!ൃതര്‍ പറഞ്ഞു.

അതേസമയം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള നിരാലംബരായ രോഗികള്‍ക്ക് നേരത്തെ ചികിത്സ പൂര്‍ണ സൗജന്യം ആക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ബിപിഎല്‍ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സൗജന്യ ചികിത്സ. ഇതിനു റേഷന്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതിയായിരുന്നു.

രോഗികളെ വിവിധ വിഭാഗങ്ങളില്‍ പെടുത്തി ചികിത്സാ നിരക്കില്‍ ഇളവു നല്‍കുന്നതിനു നിലവില്‍ പിന്തുടരുന്ന രീതി അപര്യാപ്തവും പിഴവുകളുള്ളതാണെന്നും സിഎജി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ചു പഠിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണു പുതിയ തീരുമാനം.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള നിരാലംബരായ രോഗികള്‍ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്കു ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മറ്റുള്ളവരെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി 40% ചികിത്സാ ഇളവു നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മറ്റെവിടെ നിന്നെങ്കിലും സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ ശേഷിക്കുന്ന തുകയില്‍ 40% ഇളവോടെ ചികിത്സ നല്‍കും.

ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍, റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍, പ്രവാസികള്‍ എന്നിവര്‍ ചികിത്സാ ചെലവു പൂര്‍ണമായും വഹിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് രോഗികളെ തരം തിരിക്കുന്നത് 5 വര്‍ഷത്തേക്കു പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.