ദിലീപിന് തിരിച്ചടി, ദൃശ്യങ്ങള്‍ കൈമാറാനാകില്ല; സുപ്രിംകോടതി

നടന്‍ ദിലീപിന് കനത്ത തിരിച്ചടി. ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി വിധിച്ചു. നടിയുടെ സ്വകാര്യത മാനിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും പരിശോധിക്കാമെന്നും, എന്നാല്‍ വീഡിയോയുടെ പകര്‍പ്പ് കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കര്‍ശനമായ നിബന്ധനകളോടെ ദിലീപിനോ, അദ്ദേഹത്തിന്റെ അഭിഭാഷകനോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്ത​ഗിയാണ് ഹാജരായത്.

കാറില്‍ വച്ച്‌ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. വാട്ടര്‍ മാര്‍ക്ക് അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നും എന്നാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ദൃശ്യങ്ങള്‍ നല്‍കുന്നത് പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് നടിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച്‌ 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പ്രതിയായ ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ട് നടി കഴിഞ്ഞ ദിവസണ് സുപ്രീംകോടതിയെ സമീപിച്ചത്. അത് തന്‍റെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതാണെന്ന് നടി ഹർജിയിൽ പറയുന്നു. അവസരം നൽകുകയാണെങ്കിൽ അതെങ്ങനെയാണ് തന്നെ ബാധിക്കുകയെന്നത് കാര്യകാരണസഹിതം കോടതിയെ അറിയിക്കാൻ തയ്യാറാണെന്നും നടി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം ഒരു മുദ്ര വച്ച കവറിൽ കോടതിയിൽ നടി ചില രേഖകളും ഹാജരാക്കിയെന്നാണ് സൂചന. ജഡ്ജിമാരുടെ പരിഗണനയ്ക്ക് വേണ്ടി മാത്രമായാണ് ഈ രേഖകൾ സമർപ്പിച്ചത്.

ന്യായമായ വിചാരണ നടക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും നടി ഹർജിയിൽ പറയുന്നു. തന്‍റെ സ്വകാര്യത ഹനിക്കപ്പെടാതെ, അതേസമയം, പ്രതിയ്ക്ക് ന്യായമായ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടുന്ന തരത്തിൽ ഒരു നടപടിക്രമം രൂപീകരിക്കാൻ ഇടപെടണമെന്നാണ് സുപ്രീംകോടതിയോടുള്ള നടിയുടെ അപേക്ഷയിൽ പറയുന്നത്.

എന്നാൽ മെമ്മറി കാര്‍ഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുവാണ്. ഇതിനെ തൊണ്ടിമുതലായി മാത്രമേ കാണാനാകൂ എന്നതായിരുന്ന സര്‍ക്കാരിന്‍റെ ആദ്യത്തെ നിലപാട്. മെമ്മറി കാര്‍ഡ് തൊണ്ടിമുതലും അതിലെ ദൃശ്യങ്ങള്‍ രേഖയുമാണെന്ന് വാദത്തിനിടെ സര്‍ക്കാര്‍ നിലപാട് മാറ്റിയത് ദിലീപിന് അനുകൂലഘടകമായിരുന്നുകൊച്ചിയില്‍ നടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയതിന്‍റെ ദൃശ്യങ്ങളുടെ ഒറിജിനല്‍ പകര്‍പ്പ് നല്‍കണമെന്നതായിരുന്നു പ്രതി ദിലീപിന്‍റെ ആവശ്യം. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ട്. അത് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രകാരം പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു.

അതേസമയം ദൃശ്യങ്ങളുടെ സ്വഭാവവും, ഇരയായ നടിയുടെ സ്വകാര്യത, അഭിമാനം തുടങ്ങിയ പരിഗണിച്ചും ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ദൃശ്യങ്ങള്‍ കണ്ട് പരിശോധിക്കാന്‍ പ്രതിക്ക് നേരത്തെ അവസരം നല്‍കിയിരുന്നു. ആവശ്യമാണെങ്കില്‍ ഇനിയും നല്‍കാന്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നടിയുടെ വാദം ഇങ്ങനെയായിരുന്നു: തന്‍റെ സ്വകാര്യതയ്ക്കും അഭിമാനത്തിനും പരിഗണന നല്‍കി ദിലീപിന്‍റെ ആവശ്യം തള്ളണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അതുപ്രകാരം ഇരയുടെ എഡന്‍റിറ്റി ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് തന്നെ നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നടി വാദിച്ചു.