ചായയുടെ വില 15 രൂപയാക്കാൻ പ്രധാനമന്തിക്ക് കത്തയച്ച ഷാജിയാണ് താരം

ഇപ്പോൾ നാട്ടിലെയും സോഷ്യൽ മീഡിയയിലെയും താരം ഷാജിയാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചാണ് ഷാജി കോടങ്കണ്ടത്ത് എന്ന പൊതു പ്രവർത്തകൻ താരമായത്. ഡൽഹിയിലേക്കു പെട്ടെന്നു നടത്തേണ്ടിവന്ന യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഷാജി ചായകുടിക്കാൻ കയറിയപ്പോളൊന്നു ഞെട്ടി. ചായക്ക് വില ചോദിച്ചപ്പോൾ 150 എന്നാൽ ബ്ലാക്ക് ടീയിൽ ഒതുക്കാമെന്ന് കരുതിയെങ്കിലും വില നൂറു രൂപ.. അതോടെയാണ് ഈ പ്രശാനത്തിൽ ഇടപെടണമെന്ന് തീരുമാനിച്ചത്. കണ്ടുമുട്ടിയ വിമാനത്താവള ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടെങ്കിലും അദേഹവും കൈമലർത്തി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ആദ്യം ചെയ്തത് ദുരനുഭവം വിവരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇ-മെയിൽ അയക്കുകയെന്ന പതിവ് പരിപാടി തന്നെ.

ഒരാഴ്ചക്കുള്ളിൽതന്നെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു ഷാജിയ്ക്ക് മറുപടി വന്നു- വിഷയം ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നും പരാതി വ്യോമയാന മന്ത്രാലയത്തിന് കൈമാറിയെന്നും. വ്യോമയാന മന്ത്രാലയം വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ വിമാനത്താളവ അതോറിറ്റിക്കും സന്ദേശം കൈമാറി.

‘സിയാലി’ൽ നിന്നുള്ള അനുഭവം വിവരിച്ചായിരുന്നു ഷാജി പരാതി നൽകിയിരുന്നത്. അതിനാൽതന്നെ വെബ്‌സൈറ്റിൽ ലഭ്യമായത് സിയാലിന്റെ മറുപടി. പരാതി പരിഗണിച്ച് ചായ 15, കാപ്പി-20, സ്‌നാക്‌സ് -15 എന്നിങ്ങനെ വിൽപ്പന വില ക്രമീകരിച്ച തീരുമാനമാണ് സിയാൽ അറിയിച്ചത്. കഴിഞ്ഞ ഡിസംബർ മുതൽ ഇത് നിലവിൽ വന്നിട്ടുമുണ്ട്. എന്നാൽ കോവിഡ് വ്യാപനം മൂലം വിമാനസർവീസുകൾ മുടങ്ങിയതോടെ തീരുമാനം യാത്രക്കാർ അറിഞ്ഞതുമില്ല. കഴിഞ്ഞ ദിവസം സൈറ്റ് പരിശോധിച്ചപ്പോഴാണ് ഷാജിയും വിവരമറിഞ്ഞത്. വില തിരുത്താൻ കാരണക്കാരനായ ഷാജിക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്