ടൈറ്റാനിക് യാത്രയ്ക്ക് ആളെ ചേർക്കുന്നതിനായുള്ള പരസ്യം നിർത്താതെ ഓഷ്യൻഗേറ്റ്

വാഷിങ്ടൺ: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംഭവിച്ചിട്ടും അടുത്തവര്‍ഷത്തേക്കുള്ള ടൈറ്റാനിക് പര്യടനത്തിന്റെ പരസ്യം ഇപ്പോഴും ടൈറ്റന്‍ പേടകത്തിന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ വെബ്സൈറ്റില്‍. ഓഷ്യൻഗേറ്റ് എക്സ്‌പെഡിഷന്റെ സി.ഇ.ഒ.യും ടൈറ്റന്റെ കപ്പിത്താനുമായ സ്റ്റോക്ടൺ റഷും ദുരന്തത്തിൽ മരിച്ചിരുന്നു.

111 വര്‍ഷങ്ങള്‍ക്ക് മുന്നേ തകര്‍ന്ന ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി ഏട്ട് ദിവസവും ഏഴ് രാത്രിയും നീണ്ടുനില്‍ക്കുന്ന പര്യടനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2024 ജൂൺ 12മുതൽ 20വരെയും ജൂൺ 21മുതൽ 29വരെയുമുള്ള രണ്ടുയാത്രകളുടെ പരസ്യമാണ് വൈബ്‌സൈറ്റിലുള്ളത്. ഒരാൾക്ക് 2.5 ലക്ഷം ഡോളർ (ഏകദേശം 2.05 കോടി രൂപ) യാത്രയ്ക്ക് ചെലവാകും. ഡൈവ്, സ്വകാര്യതാമസം, പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങൾ, ഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടും.

ഒരാഴ്ചയില്‍ ആറുപേര്‍ക്കാണ് യാത്രചെയ്യാന്‍ അവസരം ഉണ്ടാകുക. കുറഞ്ഞത് 17 വയസ്സുള്ളവര്‍ക്ക് പര്യടനത്തിനുള്ള അവസരമുണ്ട്. വൈഫൈ അടക്കമുള്ള സൗകര്യമുണ്ടായിരിക്കുമെന്നും കമ്പനി വെബ്സൈറ്റ് പറയുന്നു. 25,000 ത്തോളം ഡോളറാണ് ഒരു പര്യടനത്തിന് കമ്പനി ഈടാക്കുന്നത്. അതേസമയം, ടൈറ്റാനിക് പര്യവേഷണം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ കമ്പനി അറിയിച്ചിരുന്നു.

ജൂണ്‍ 18-ന് രാവിലെയായിരുന്നു ദുരന്തത്തില്‍പ്പെട്ട ടൈറ്റന്‍ ജലപേടകം യാത്രതിരിച്ചത്. പ്രധാനകപ്പലില്‍നിന്ന് ആഴക്കടലിലേക്ക് പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍തന്നെ ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് മര്‍ദനത്തെത്തടുര്‍ന്ന് ഉള്‍വലിഞ്ഞുള്ള സ്ഫോടനത്തിലായിരുന്നു ടൈറ്റന്‍ തകര്‍ന്നത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ടൈറ്റാന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൊട്ടിത്തെറിയിൽ മൃതദേഹം ചിന്നിച്ചിതറാനുള്ള സാധ്യതയും വിദഗ്ദർ മുന്നേ തന്നെ പറഞ്ഞിരുന്നു.