പാലായിൽ ശബരിമല തീർത്ഥാടക ബസും, ബൈക്കും കൂട്ടിയിടിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: പാലായിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസും ബൈക്കും കൂട്ടിയിടിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സുഹൃത്തിന് ഗുരുതര പരിക്ക്. പൈക ജനത സൂപ്പർ മാർക്കറ്റ് ഉടമ തൂമ്പാംകുഴിയിൽ സുനുവിൻ്റെ മകൻ പവൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി സ്വദേശി റോഷനെ (20) ഗുരുതരമായ പിരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

പാലാ ചിറകണ്ടം ചക്കാമ്പുഴയിലാണ് അപകടമുണ്ടായത്. പവൻ സഞ്ചരിച്ചിരുന്ന ബൈക്ക് ശബരിമല തീർത്ഥാടകരുടെ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

രാമപുരം മാര്‍ അഗസ്തിനോസ് കോളജ് ബിസിഎ വിദ്യാര്‍ത്ഥിയാണ് പവൻ. റോഷൻ ബികോം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമാണ്. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് പാലാ ഭാഗത്തുനിന്നും വന്ന ശബരിമല തീര്‍ത്ഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.