പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു.

നേരത്തെ വിവാഹം കഴിച്ച ആളാണ്. ഇക്കാര്യം മറച്ചുവെച്ച് വിവാഹം കഴിച്ചു. സ്ത്രീധനം പോരെന്നും കൂടുതൽ വേണമെന്നും രാഹുലിൻ്റെ സഹോദരിയും അമ്മയും പറഞ്ഞിരുന്നു. കേസ് വന്നതിനുശേഷം രാഹുൽ യുവതിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലാ സെഷൻസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തരാണെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.

മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.

വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.