വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പട്‌ന കോടതിയുടെ നോട്ടീസ്

പട്‌ന. രാഹുല്‍ ഗാന്ധിക്ക് ബിഹാര്‍ പട്‌ന കോടതിയുടെ നോട്ടീസ്. മോദി പരാമര്‍ശത്തില്‍ ഏപ്രില്‍ 12ന് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ രാഹുല്‍ ഗാന്ധി നേരത്തെ ജാമ്യം എടുത്തിരുന്നു. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സമാന കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷം ശിക്ഷ വിധിച്ചിരുന്നു.

രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനായി. 2013ലെ സുപ്രീംകോടതി വിധി പ്രകാരമാണ് രാഹുല്‍ ഗാന്ധി അയോഗ്യനായത്. രണ്ടോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്നാണ് സുപ്രിംകോടതി നേരത്തെ നടത്തിയ ഉത്തരവ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ 2019ലാണ് രാഹുല്‍ ഗാന്ധി വിവാദ പ്രസംഗം നടത്തുന്നത്. പ്രസംഗത്തില്‍ എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്ന പേരാണുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടെങ്കിലും അപ്പീല്‍ നല്‍കുവാന്‍ 30 ദിവസത്തെ സമയം രാഹുല്‍ ഗാന്ധിക്ക് കോടതി നല്‍കിയിട്ടുണ്ട്.