ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ജനകീയ ഹര്‍ത്താല്‍

ഇടുക്കി . ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ജനകീയ ഹര്‍ത്താല്‍. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ജനങ്ങൾ. മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അരിക്കൊമ്പൻ കാട്ടാനയെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് ഹൈക്കോടതി വിയോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിക്കുകയായിരുന്നു. എന്നാല്‍ അരിക്കൊമ്പനെ ഉടൻ പിടികൂണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് തിരികെ നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്.

‘അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു’ കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും സർക്കാരിനോട് കോടതി ചോദിച്ചിട്ടുണ്ട്. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിക്കുകയുണ്ടായി. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നല്‍കുമ്പോൽ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ? എന്നായിരുന്നു കോടതിയുടെ തിരിച്ചുള്ള ചോദ്യം.

കാട്ടാനയെ അവിടെനിന്ന് മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച കോടതി, ഈ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിക്കുകയാണ് ഉണ്ടായത്. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ? എന്നും കോടതി ചോദിച്ചു. എന്നാല്‍, ആളുകളെ മാറ്റി തുടങ്ങിയാൽ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേർന്ന അഭിഭാഷകരിൽ ചിലർ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതി തിരികെ ചോദിച്ചത്.