കേസ് കൊടുത്തയാളോ ജഡ്ജിയോ ഒരാഴ്ച ഇവിടെ വന്ന് താമസിക്കട്ടെ എന്ന് ജനം പറയുന്നു- വനം മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം. അരിക്കൊമ്പന്‍ ചിന്നക്കനാല്‍ മേഖലയില്‍ ഭീതിപടര്‍ത്തുകയാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ആനയെ പിടിക്കുമായിരുന്നു. ഹൈക്കോടതിയില്‍ കേസ് കൊടുത്തവര്‍ ഇവിടെ വന്ന് താമസിക്കട്ടെ, ജഡ്ജി വന്ന് താമസിച്ചാലും മതിയെന്ന് ജനങ്ങള്‍ പറയുന്നു.

താന്‍ അങ്ങനെ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങള്‍ ഭീതിയിലാണെന്നും മന്ത്രി പറഞ്ഞു. വരുന്ന ആനയുടെ കൊമ്പിന് എത്ര നീളമുണ്ടെന്ന് നോക്കിയിട്ടല്ല ആനയെ അല്ലേ തടയേണ്ടതെന്നും കേസ് കൊടുത്തവരും ജഡ്ജും ഒരാഴ്ച പ്രദേശത്ത് വന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അരിക്കൊമ്പനെ പിടിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ആനയെ പിടിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന മറ്റ് വഴികള്‍ ഇല്ലെന്ന് കോടതി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചു. അരിക്കൊമ്പന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 301 കോളനിയിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതല്ലെ ശാശ്വത പരിഹാരം എന്ന് ഹൈക്കോടതി ചോദിച്ചു.

ആദിവാസികളെ ആനയുടെ വാസമേഖലയിലേക്ക് എങ്ങനെ താമസിപ്പിച്ചുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. അതേസമയം ശശ്വത പരിഹാരം കോളനി നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് വനംവകുപ്പ് പറഞ്ഞു. എന്നാല്‍ ആനയുടെ ആക്രമണത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തുവാന്‍ ആനയെ പിടിക്കുകയാണ് വേണ്ടതെന്ന് കോടതിയെ വനം വകുപ്പ് അറിയിച്ചു.