പോപ്പുലർ ഫ്രണ്ടിന് രാജ്യത്ത് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ചയും വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലുമായി എൻ.ഐ.എയുടെ റെയ്ഡ് നടന്നിരുന്നു. 50 തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന് എൻ.ഐ.എ റിപ്പോർട്ട് നൽകിയത്.