പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും കുറവും മലപ്പുറത്താണ്. ഇത് തന്നെയാണ് മലപ്പുറത്തെ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്കയ്ക്ക് കാരണവും. ജില്ലയില്‍ 79901 പേര്‍ പരീക്ഷ എഴുതിയതില്‍ 79730 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതില്‍ 11974 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരാണ്.

ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ ജയിക്കാതെ പോയത് 171 പേര്‍ മാത്രമാണ്. ഇവരില്‍ ഭൂരിഭാഗവും വിവിധ കാരണങ്ങളാല്‍ ഒന്നോ രണ്ടോ പരീക്ഷ എഴുതാന്‍ കഴിയാത്തവരാണ്. അതേസമയം ജില്ലയില്‍ സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ആകെയുള്ളത് 52600 സീറ്റുകള്‍ മാത്രമാണ്. അതായത് 27,130 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റില്ല.

സി.ബി.എസ്.സി, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള മറ്റ് സിലബസുകളില്‍ പരീക്ഷ എഴുതിയ 6000 വരുന്ന വിദ്യാര്‍ത്ഥികള്‍ കൂടി വരുന്നതോടെ കണക്ക് വീണ്ടും ഉയരും. സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന വിഎച്ച്എസ്സി, ഐടിഐ, പോളിടെക്‌നിക് തുടങ്ങിയ കോഴ്സുകള്‍ എല്ലാം കൂട്ടിയാലും 4800 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. ജില്ലയിലെ മുഴുവന്‍ ക്ലാസുകളിലും 65 കുട്ടികള്‍ തിങ്ങിയിരുന്നാലും 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരും.