നിരപരാധിയെ പോക്സോ കേസിൽ ജയിലിലാക്കി; മലയാളിയടക്കം രണ്ട് വനിതാ SIമാര്‍ക്ക് അഞ്ചുലക്ഷം രൂപ പിഴശിക്ഷ

മംഗളൂരു: പോക്‌സോ കേസില്‍ ആളുമാറി നിരപരാധിക്ക്
ഒരുവർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന കേസിൽ മലയാളി എസ്.ഐ. ഉൾപ്പെടെ രണ്ട്‌ വനിതാ പോലീസുകാർക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിലെ മലയാളി എസ്.ഐ. പി.പി. റോസമ്മ, ഇൻസ്‌പെക്ടർ രേവതി എന്നിവരെയാണ് സെക്കൻഡ് അഡീഷണൽ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു പെൺകുട്ടി നൽകിയ പോക്സോ കേസ് പ്രകാരം കഴിഞ്ഞ വർഷമാണ് നവീൺ സക്കറിയയെ മംഗളൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്

കേസിൽ മതിയായ തെളിവില്ലാതെ പെൺകുട്ടി പറഞ്ഞ പേരുമാത്രം കേട്ടാണ് നവീണിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ജഡ്ജ് കെ.യു. രാധാകൃഷ്ണൻ നിരീക്ഷിച്ചു. തുടർന്ന് നവീൺ നിരപരാധിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. രണ്ടു പോലീസ് ഉദ്യോഗസ്ഥരോടും പിഴത്തുകയായ അഞ്ചുലക്ഷം രൂപ നിരപരാധിയായ നവീൺ സക്കറിയക്ക് നൽകാനും കോടതി വിധിച്ചു.

ഇരയുടെ മൊഴി മാത്രം മുഖവിലയ്ക്കെടുത്ത് നവീൺ സക്കറിയക്കെതിരേ റോസമ്മ എഫ്.ഐ.ആർ. ഫയൽചെയ്തു. തുടരന്വേഷണം ഇൻസ്‌പെക്ടർ രേവതിയായിരുന്നു നടത്തിയത്‌. ഇവർ നടത്തിയ അന്വേഷണത്തിലും സക്കറിയ തെറ്റ്‌ ചെയ്‌തെന്ന്‌ കണ്ടെത്തിയിരുന്നു. കോടതി ഇയാളെ റിമാൻഡ്‌ ചെയ്തു. ജാമ്യമെടുക്കാൻ ആൾ വരാത്തതിനെത്തുടർന്ന് ഇയാൾ ഒരുവർഷത്തോളം ജയിലിൽ കിഴിയേണ്ടി വന്നു.