വിദേശവനിതയുടെ കൊലപാതകം; കൂടപ്പിറപ്പിനായുള്ള ഇല്‍സയുടെ പോരാട്ടം ഒടുവിൽ വിജയം കണ്ടു

തിരുവനന്തപുരം: കോവളത് വിദേശവനിത ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നൽകാനുള്ള സഹോദരി ഇല്‍സയുടെ പോരാട്ടം ഒടുവിൽ വിജയം കണ്ടു. കൂടപ്പിറപ്പിനെ കൊലപ്പെടുത്തിയവരെ കണ്ടെത്താനും ശിക്ഷ വാങ്ങിനല്‍കാനും ലാത്വിയന്‍ യുവതി ഇല്‍സ സ്‌ക്രോമേനെ നടത്തിയെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. കേരളത്തില്‍ നടന്ന നിയമനടപടികള്‍ക്കു പിന്നാലെതന്നെ ഇല്‍സയുണ്ടായിരുന്നു. മറ്റൊരു ഭൂഖണ്ഡത്തിലാണെങ്കിലും വേണ്ടതെല്ലാം അവൾ ചെയ്തു തന്റെ സഹോദരിക്ക് നീതി കിട്ടുന്നത് വരെ.

അന്വേഷണവും വിചാരണയുമെല്ലാം വൈകുന്ന ഘട്ടങ്ങളില്‍ ഇല്‍സയുടെ ഇടപെടലുകളുണ്ടായി. മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും ലാത്വിയന്‍ എംബസിയെയുമെല്ലാം സമീപിച്ച് നടപടികള്‍ വേഗത്തിലാക്കി. പ്രതികള്‍ കുറ്റക്കാരാണെന്നു വിധിച്ച കോടതിനടപടികള്‍ക്കു മുഴുവന്‍ സാക്ഷിയാവുകയും ചെയ്തു. 2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ സ്വദേശികളായ സഹോദരിമാര്‍ പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലെത്തിയത്.

സഹോദരിയുടെ വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കായാണ് ഇവരെത്തിയത്. മാര്‍ച്ച് 14-നാണ് ഇല്‍സയുടെ സഹോദരിയെ കാണാതാവുന്നത്. ഇവരെ കോവളം ബീച്ചിനു സമീപം എത്തിച്ചതായി സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു. സഹോദരിയെ കണാതായതോടെ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. കാര്യമായ അന്വേഷണം തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞതോടെ ഇല്‍സ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടു കണ്ടു. പ്രസ് ക്ലബ്ബില്‍ വച്ച് മാധ്യമങ്ങളെ കണ്ട് സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യയിലെ ലാത്വിയന്‍ കോണ്‍സല്‍, ഡി.ജി.പി.യെയും ഐ.ജി.യെയും നേരില്‍ക്കണ്ട് അന്വേഷണപുരോഗതി തിരക്കി. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. തുടർന്ന് ഇല്‍സ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു. 38 ദിവസം കഴിഞ്ഞ് ഏപ്രില്‍ 20-നാണ് കോവളം ബീച്ചില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള പനത്തുറ കൂനംതുരുത്തിയിലെ കണ്ടല്‍ക്കാട്ടില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സഹോദരിയുടെ മരണം ആത്മഹത്യയാണെന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തിനെതിരേ കൊലപാതകമാണെന്ന തെളിവുകളുമായി തൊട്ടടുത്ത ദിവസം ഇല്‍സ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്‍സ കണ്ടു. ഇതോടെയാണ് ഐ.ജി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് എ.സി. ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. കേസിലെ മുഖ്യപ്രതികളായ ഉമേഷിനെയും ഉദയനെയും മേയ് മൂന്നിന് പോലീസ് അറസ്റ്റുചെയ്തു.