പള്ളിയോടത്തില്‍ കയറിയ നടിക്ക് മുട്ടന്‍ പണി, പോലീസ് അറസ്റ്റ് ചെയ്തു

ആചാരം ലംഘിച്ച് പള്ളിയോടത്തില്‍ കയറിയെന്ന പരാതിയില്‍ നവ മാധ്യമ പ്രവര്‍ത്തകയും നടിയും മോഡലുമായ നിമിഷ ബിജോയെ അറസ്റ്റ് ചെയ്തു. നടിക്ക് ഒപ്പം സഹായായി പ്രവര്‍ത്തിച്ച പുലിയൂര്‍ സ്വദേശി ഉണ്ണിയെയും പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര പള്ളിയോടത്തില്‍ ചാരം ലംഘിച്ചും അതിക്രമിച്ചും കയറിയെന്ന പള്ളിയോടെ സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പള്ളിയോട സേവാ സംഘം ഭാരവാഹികളുടെ പരാതിയില്‍ തിരുവല്ല പോലീസ് നിമിഷയെ മൊഴിയെടുക്കുവാന്‍ വിളിച്ച ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയത്.

പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നും വ്രതശുദ്ധിയോട് കൂടി മാത്രമേ കയറാനാകൂ എന്നാണ് വിശ്വാസം. പള്ളിയോടത്തില്‍ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. മാലിപ്പുരകളില്‍ പോലും അത് പാടില്ലെന്നിരിക്കെ നിമിഷ ഷൂസ് ധരിച്ചാണ് പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയത്. ഓരോ പള്ളിയോടവും അതത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് നിലവിലെ രീതി.

സംഭവം വിവാദമായതോടെ നിമിഷ ക്ഷമാപണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ക്ഷമപറഞ്ഞിട്ടും തനിക്കെതിരെ അസഭ്യ വര്‍ഷവും വധഭീഷണിയും ചിലര്‍ മുഴക്കുന്നുണ്ടെന്നും ജീവിതം വഴിമുട്ടിയെന്നും നടി പറഞ്ഞിരുന്നു. സംഭവം മനഃപൂര്‍വ്വമല്ലെന്നും അറിയാതെ പറ്റിയതാണെന്നും ചിത്രീകരണം നടക്കുമ്പോള്‍ ആരും എതിര്‍ത്തില്ലെന്നും നടി പറയുന്നു. നവ മാധ്യമങ്ങളില്‍ നല്‍കാനായി ഫോട്ടോ ഷൂട്ടിനായാണ് പുതുക്കുളങ്ങര ക്ഷേത്രത്തിലെത്തിയത്. ഇവിടെ ആനയ്‌ക്കൊപ്പവും ചിത്രങ്ങളെടുത്തു. അപ്പോള്‍ ആരും തടഞ്ഞില്ല. -നിമിഷ പറഞ്ഞിരുന്നു.