കരിപ്പൂരില്‍ 77 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍

മലപ്പുറം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 77 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിക്കൊണ്ട് വന്ന യാത്രക്കാരനും ഇത് സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ വ്യക്തിയുമാണ് പോലീസ് പിടിയിലായത്. യാത്രക്കാരനായ മലപ്പുറം സ്വദേശി റിംനാസ് ഖമര്‍, പാലക്കാട് സ്വദേശി റിംഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി റാസല്‍ഖൈമയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇരുവരെയും അഞ്ച് മണിക്കൂറോളെ പോലീസ് ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിച്ചില്ല. തന്റെ പക്കല്‍ സ്വര്‍ണം ഇല്ലെന്നും കാര്‍ വാഷര്‍ ഉപകരണം വാങ്ങാനാണ് റിംഷാദ് എത്തിയതെന്നുമാണ് റിംനാസ് പറഞ്ഞത്. തുടര്‍ന്ന് റിംനാസിനെ എക്‌സറേ പരിശോധനയ്ക്ക് വിധേയനാക്കി.

ഇതില്‍ ശരീരത്തില്‍ നിന്നും നാല് ക്യാപ്‌സുളുകളിലായി ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം കൈവിട്ട് പോയാല്‍ സ്വര്‍ണക്കടത്ത് സംഘം വകവരുത്തുമെന്ന ഭയമാണ് കുറ്റംസമ്മതിക്കാത്തതിന് കാരണമെന്ന് പോലീസ് പറയുന്നു. 1260 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. സ്വര്‍ണത്തിന് ഏകദേശം 77 ലക്ഷം രൂപ വിലവരും.