താനൂര്‍ ബോട്ട് അപകടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

മലപ്പുറം. താനൂര്‍ ബോട്ട് അപകടത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പോലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കേസില്‍ ബോട്ട് ഉടമയായ നാസര്‍, ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ പ്രസാദ് എന്നിവരടക്കം 12 പ്രതികളാണുള്ളത്. കേസില്‍ 13186 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 865 ഡോക്യൂമെന്റുകളും 386 സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. നിലവില്‍ ബോട്ട് ഉടമ അടക്കമുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടം മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് നോര്‍ത്ത് സോണ്‍ ഐജി നീരജ്കുമാര്‍ അന്തിമ അംഗീകാരം നല്‍കി. കേസ് അന്വേഷിച്ചത് 21 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ്.