പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങി: തട്ടിപ്പിൽ ഗൂഢാലോചന നടന്നെന്ന് സൂചന

കേരളത്തെ ഞെട്ടിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും ​ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി. എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച റോയി ഡാനിയലിൻ്റെ രണ്ട് മക്കളേയും പൊലീസ് കൊച്ചിയിലെത്തിച്ചു. പോപ്പുലർ ഫിനാൻസ് ഈ വമ്പൻ തട്ടിപ്പ് ആസൂത്രിതമായി നടത്തിയതെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയില്ല രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി.

തട്ടിപ്പിൽ ഗൂഢാലോചന നടന്നതായാണ് സൂചന. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ അക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.

ഡൽഹി വിമാനത്താവളം വഴി കടക്കാൻ ശ്രമിക്കവെ റോയിയുടെ മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവർ പിടിയിലായിരുന്നു. റിനു സ്ഥാപനത്തിന്റെ സിഇഒയാണ്. റിയ ഡയറക്ടർ ബോർഡ് അംഗമാണ്. ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബാങ്ക് പൊട്ടിയതോടെ 250ഓളം ബ്രാഞ്ചുകൾ പൂട്ടിയിരുന്നു.

2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തൽ. വിവിധ സ്റ്റേഷനുകളിലായി മുന്നൂറിൽപ്പരം പരാതികളാണ് ലഭിച്ചിരിക്കുന്നത്. കോന്നി വകയാറിലുള്ള പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാനത്ത് ജപ്തി നടപടികൾ ഇതിനോടകം ആരംഭിച്ചു. നിക്ഷേപകർക്ക് ഈട് നൽകണമെന്നു കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തിൽ നോട്ടിസ് പതിച്ചു.അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ്, സബ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു.

പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, മാനേജിങ് പാർട്നർ തോമസ് ഡാനിയേൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് എന്നീ പേരിലാണ് പാപ്പർ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. ഹർജി കോടതി അംഗീകരിച്ചാൽ രാജ്യത്തെ നിയമ നടപടികളിൽ നിന്ന് സ്ഥാപന ഉടമകൾക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകൾ ജപ്തി ചെയ്തു നിക്ഷേപകർക്ക് കോടതി വഴി തുക വിതരണം ചെയ്യും.