കിസാന്‍ സമ്മാന്‍ നിധി; കര്‍ഷകര്‍ക്ക് 15,841 കോടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ രാജ്യത്തെ 7.92 കോടി കര്‍ഷകര്‍ക്ക് 15,841 കോടി രൂപ വിതരണം ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 24 മുതലുള്ള കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഏപ്രില്‍ ആദ്യവാരം മുതല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ ആദ്യ ഗഡുവായ 2,000 രൂപ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കിസാന്‍ സമ്മാന്‍ നിധിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്ന് തവണകളിലായി ലഭിക്കുന്നത്.

കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി ശക്തമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക മേഖലക്ക് പുറമെ രാജ്യത്തെ നികുതിദായകര്‍ക്കും കേന്ദ്രം ഇളവുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു.