കുഞ്ഞ് പൃഥ്വിക്ക് ജന്മദിനാശംസകളുമായി നടന്‍ പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയകളിലും നടന്‍ സജീവമാണ്. പുതിയ ഫോട്ടോകളും കുടുംബത്തിലെ വിശേഷങ്ങളും മകള്‍ അല്ലിയുടെ വിശേഷങ്ങളുമൊക്കെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പൃഥ്വിരാജിന്റെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ഒരു വയസുള്ള പൃഥ്വി എന്ന കുട്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ളതാണ് നടന്‍ പൃഥ്വിരാജിന്റെ ട്വീറ്റ്.

കടുത്ത പൃഥ്വിരാജ് ആരാധകനായ സുഹൈലിന്റെ മകന്റെ പേരും പൃഥ്വി എന്നാണ്. നടനോടുള്ള ആരാധന മൂത്താണ് സുഹൈല്‍ മകന്‍ പൃഥ്വി എന്ന് പേരിട്ടത്. ഓഗസ്റ്റ് രണ്ടിന് കുഞ്ഞ് പൃഥ്വിയുടെ ജന്മദിനമായിരുന്നു. മകന്റെ ഒന്നാം പിറന്നാളിന് പൃഥ്വിരാജ് തന്നെ ആശംസ അറിയിച്ചാല്‍ വലിയ സന്തോഷം ആകുമെന്ന് ആയിരുന്നു സുഹൈല്‍ ട്വീറ്റ് ചെയ്തത്.

‘രാജുവേട്ടാ, എന്റെ മോന്‍ പൃഥ്വിയുടെ ഒന്നാം പിറന്നാള്‍ ആണ്. ഇന്ന് ഏട്ടന്റെ കൈയ്യില്‍ നിന്ന് ഒരു ആശംസ കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്’ എന്നായിരുന്നു സുഹൈലിന്റെ ട്വീറ്റ്. മകനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.

പിന്നാലെ പൃഥ്വിയുടെ ട്വീറ്റ് എത്തുകയായിരുന്നു. ‘ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ’ എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതോടെ കുഞ്ഞു പൃഥ്വിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.