സവാദിന്റെ ഫോണുകൾ പരിശോധിക്കും, തിരിച്ചറിയൽ പരേഡ് നടത്തി കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ

പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. ഇയാളിപ്പോൾ എറണാകുളം സബ് ജയിലിലാണ് തടവിൽ കഴിയുന്നത്. പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടിയിരുന്നു. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിട്ടുണ്ട്. തിരിച്ചറിയൽ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പിഎഫ്ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻഐഎ പറഞ്ഞു. മൈഗ്രെയിൻ പ്രശ്നങ്ങൾ ഉണ്ടെന്ന് കോ‌‌ടതിയിൽ ഹാജരാക്കിയപ്പോൾ സവാദ് പറഞ്ഞു. ‌

13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പിടികൂടിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചത്.