അഞ്ചാം ദിവസവും നഗരസഭാ പരിസരം സംഘർഷഭരിതം ; പ്രതിഷേധം ശക്തമാക്കി ബിജെപിയും യുവമോർച്ചയും, കെ സുരേന്ദ്രന് നേരെ പോലീസ് അതിക്രമം

തിരുവനന്തപുരം : കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധം അഞ്ചാം ദിവസവും സംഘർഷഭരിതം. ബിജെപി കൗൺസിലമാർ നഗരസഭാ കവാടം ഉപരോധിച്ചു. യുവമോർച്ച പ്രവർത്തകരും നഗരസഭയിലേക്ക് മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം റോഡ് ഉപരോധിച്ചാണ് യുവമോർച്ച പ്രവർത്തകർ സമരം നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ഇവർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതിനിടെ കെ സുരേന്ദ്രന് നേരെയും പോലീസ് അതിക്രമം നടത്തി. പിണറായി അഴിമതിയുടെ രാജാവാണെന്നാണ് കെ സുരേന്ദ്രൻ ആരോപിച്ചത്.കേരളത്തിലെ എല്ലാ കോർപ്പറേഷനിലും അഴിമതിയാണ് നടക്കുന്നത്. കേരളം മുഴുവൻ സമരം വ്യാപിപ്പിക്കും. അഴിമതിയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും മേയർ രാജിവെയ്‌ക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഇനിയും തുടരുമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫൂൽ കൃഷ്ണൻ പറഞ്ഞു. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോൺഗ്രസ് സത്യഗ്രഹ സമരം നടത്തി.

മഹിളാ കോൺഗ്രസ് പ്രവർത്തകരും നഗരസഭയ്‌ക്ക് മുന്നിൽ ഉപരോധം നടത്തുന്നുണ്ട്. കട്ടപണവുമായി മേയർക്ക് കോഴിക്കോട്ടേക്ക് പോകാനുള്ള പെട്ടി മഹിള കോൺഗ്രസ് സമർപ്പിച്ചു. പോലീസ് മർദനത്തെ തുടർന്ന് ജെബി മേത്തർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.