പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതി, പിന്നാലെ തീപിടിച്ച് അപകടം, ദാരുണ മരണം

ബെംഗളൂരു: പെട്രോൾ അടിക്കുന്നതിനിടെ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിച്ച യുവതി മരണം വിച്ചുവരുത്തി. കർണാടകയിലെ തുംകുർ ജില്ലയിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ ഭവ്യയാണ് മരിച്ചത്. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്‌ക്കുന്നതിനിടെ യുവതി മൊബൈൽ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ തീപടർന്നു.

ഇരുചക്ര വാഹനത്തിൽ പെട്രോൾ വാങ്ങുന്നതിനായി അമ്മയോടൊപ്പമാണ് ഭവ്യ പമ്പിലെത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരൻ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്‌ക്കുമ്പോൾ ഭവ്യ മൊബൈൽ ഫോൺ ഉപയോഗിച്ചു. പിന്നാലെതന്നെ തീപടർന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

യുവതിയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ ഭവ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അമ്മ രത്‌നമ്മയ്‌ക്ക് പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു.