മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയാണ് കോണ്‍ഗ്രസില്‍ എത്തിച്ചത്, പിഷാരടി പറയുന്നു

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോള്‍ രമേഷ് പിഷാരടി സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. നടന്‍ ഇടവേള ബാബുവും പങ്കെടുത്തു.

മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് താന്‍ കോണ്‍ഗ്രസിലെത്തിയതെന്ന് രമേഷ് പിഷാരടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് പിഷാരടി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അഭിമാനം തോന്നുന്ന കാര്യമാണ് ഇത്. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല, എന്നാല്‍ ധര്‍മജന് സീറ്റ് കൊടുത്താല്‍ വിജയിപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

കോമഡിക്കാരെല്ലാം കോണ്‍ഗ്രസിലേക്കെന്ന പരിഹാസത്തിനും പിഷാരടി മറുപടി പറഞ്ഞു. ചിരി ഒരു വികസന പ്രവര്‍ത്തനമാണ്. തമാശ പറയുന്നത് കുറവായി കാണരുതെന്നും കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യമാണെന്നും പിഷാരടി പറഞ്ഞു. കോമഡിക്കാരല്ലേ വന്നത്, ഭീഷണിപ്പെടുത്തുന്നവരല്ലല്ലോ എന്നും ഹാസ്യരൂപേണ പിഷാരടി മറുപടി നല്‍കി.

നേരത്തെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പിഷാരടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള പിഷാരടിയുടെ തീരുമാനം. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതാക്കളും രമേഷ് പിഷാരടിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.