രൺജീത് വധക്കേസിൽ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ റിപ്പോർട്ട് തേടി

ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ രൺജീത് കൊല്ലപ്പെട്ട കേസിൽ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ. ജില്ലാ പൊലീസ് മേധാവിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനിടെ കമ്മിഷൻ അംഗം ആചാരി തള്ളോജു രൺജീത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

അതേസമയം രണ്‍ജീത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം ആറായി.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.