മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അടുത്ത ദിവസം ഷൂട്ടിനെത്തി മഞ്ജു വാര്യറെക്കുറിച്ച് രേണു സൗന്ദര്‍

സന്തോഷ് ശിവന്റെ സംവിധനത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ മഞ്ജുവിന് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ നടി രേണു സൗന്ദർ.

മഞ്ജു വാര്യരുടെ അർപ്പണബോധം കണ്ടു തനിക്ക് പ്രചോദനമുണ്ടായെന്ന് രേണു കൂട്ടിച്ചേർത്തു. സിനിമയിലെ ഒരു പ്രധാന സംഘട്ടന രംഗത്തിനിടയിൽ മഞ്ജു വാര്യർക്ക് ഒരപകടം സംഭവിച്ചു. തല പൊട്ടി രക്തം വന്നു. എന്നാൽ താൻ അത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്. മഞ്ജു വാര്യരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയിൽ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു. ഡോക്ടർമാർ വിശ്രമിക്കാൻ പറഞ്ഞുവെങ്കിലും നടി അടുത്ത ദിവസം വന്നു രംഗം പൂർത്തിയാക്കിയെന്ന് രേണു നൽകിയ അഭിമുഖത്തിൽ രേണു പറയുന്നു.

ജാക്ക് ആൻഡ് ജിൽ ഈ മാസം 20നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. ഗോകുലം ഗോപാലൻ. സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത്. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.