ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണകേസില്‍ ബിജെപി ജില്ല നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അംഗത്വം നല്‍കി ഋഷി പല്‍പ്പുവിനെ സ്വീകരിച്ചു. ഋഷി പല്‍പ്പുവിനൊപ്പം ബിജെപിയില്‍ നിന്ന് രാജിവെച്ച ചില പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒബിസി മോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ഋഷി പല്‍പ്പു.

സമൂഹത്തില്‍ നല്ലപ്രവര്‍ത്തനം നടത്തിയ ബഹുജന അടിത്തറയുള്ള നേതാവാണ് ഋഷിയെന്നും അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മുല്‍ക്കൂട്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരാന്‍ നേതാക്കളും പ്രവര്‍ത്തകരും തയ്യാറായി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നവരെ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, വിഎസ് ശിവകുമാര്‍, കെ കെ കൊച്ചുമുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.