രാവണൻ്റെ രോഷ പ്രകടനത്തെ സവർക്കറുടെ ഉപദേശമായി വളച്ചൊടിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് മന്ത്രിക്ക് ചേർന്നതല്ല, മുഹമ്മദ് റിയാസിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി

മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വിഡ്ഢിത്തം വിളമ്പിയ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. Six Glorious Epochs of Indian History എന്ന പുസ്തകത്തില്‍ സവര്‍ക്കര്‍ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് ഉപദേശിക്കുന്നു എന്നാണ് റിയാസ് എഴുതിയത്. ഇതിനെ ശുദ്ധ മലയാളത്തിൽ കുത്തിത്തിരുപ്പ്, മനസുകളിൽ വിഷം കുത്തിവെക്കൽ, കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുക എന്നൊക്കെ പറയും തുടങ്ങി കടുത്ത ഭാഷയിൽത്തന്നെയാണ് സന്ദീപ് വാചസ്പതി അ​ദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട മുഹമ്മദ് റിയാസിന് P A Muhammad Riyas സ്നേഹപൂർവ്വം,
മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ് വർഗ്ഗീയ വിഷം ഒന്നാകെ ഇതോടെ പുറത്ത് ചാടിയെന്ന് ഖേദത്തോടെ പറയട്ടെ. ബിജെപിയുടേത് ബലാത്സംഗ രാഷ്ട്രീയമാണെന്ന ഉണ്ടയില്ലാ വെടി വെക്കാൻ വേണ്ടി വീര സവർക്കരെ കൂട്ടു പിടിച്ചതായി കണ്ടു. അദ്ദേഹത്തിൻ്റെ Six Glorious Epochs of Indian History എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിൽ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവർക്കർ ഉപദേശിക്കുന്നു എന്നാണല്ലോ താങ്കളുടെ കണ്ടു പിടുത്തം.

നിയമ ബിരുദം നേടിയത് ആർഷോ മാതൃകയിൽ അല്ലെങ്കിൽ താങ്കൾക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നത്. അല്ലായെങ്കിൽ ഇംഗ്ലീഷ് അറിയുന്ന ആൾക്കാരെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം. അതുമല്ലെങ്കിൽ ഭാരത ചരിത്രത്തിലെ ആറു സുവർണ്ണ ഘട്ടങ്ങൾ എന്ന പേരിൽ ഇതേ പുസ്തകത്തിൻ്റെ മലയാള പരിഭാഷ വാങ്ങി വായിക്കണം. ഇത്രയും സാധ്യതകൾ ഉണ്ടായിട്ടും താങ്കൾ ഇത്തരം വൃത്തികേട് കാണിക്കുന്നതിന് പിന്നിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി മലയാളികൾക്ക് ഉണ്ടെന്ന് മനസ്സിലാക്കണം. താങ്കളുടെ ദുഷിച്ച ചിന്ത വമിപ്പിക്കാൻ നിങ്ങൾ കൂട്ടു പിടിച്ച പുസ്തകത്തിലെ പേജ് ഇതിനൊപ്പം ചേർക്കുന്നു. (ആ പേജ് ഒഴിവാക്കിയ താങ്കളുടെ കുറുക്കൻ ബുദ്ധി കൊള്ളാം.)

സീതാദേവിയെ വീണ്ടെടുക്കാൻ രാമസേന വരുന്നുണ്ടെന്ന് അറിഞ്ഞ രാവണൻ്റെ സുഹൃത്തുക്കൾ രാവണന് നൽകിയ ഉപദേശവും അതിന് രാവണൻ നൽകുന്ന മറുപടിയുമാണ് വീര സവർക്കർ ഉദ്ധരിച്ചിരിക്കുന്നത്. അല്ലാതെ വീര സവർക്കർ ഭാരതത്തിലെ ജനങ്ങൾക്ക് നൽകുന്ന ഉപദേശമല്ല അത് എന്ന് അറിയാത്ത ആളല്ല താങ്കൾ. രാവണൻ്റെ രോഷ പ്രകടനത്തെ സവർക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്ന താങ്കൾ മുസ്ലിം ആക്രമണകാരികൾ ജിഹാദിൻ്റെ ഭാഗമായി ആഗോള തലത്തിൽ സ്വീകരിക്കുന്ന കാഫിർ സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്ന നയത്തെ തെളിവ് സഹിതം രേഖപ്പെടുത്തിയ സവർക്കറുടെ വാക്കുകൾ കാണാതെ പോയത് തികച്ചും നിഷ്കളങ്കമായി കാണാനാകില്ല.

ഇതിനെ ശുദ്ധ മലയാളത്തിൽ കുത്തിത്തിരുപ്പ്, മനസുകളിൽ വിഷം കുത്തിവെക്കൽ, കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുക എന്നൊക്കെ പറയും. ഇതിന് എന്താണ് പരിഹാരം എന്ന് താങ്കൾ തന്നെ ചിന്തിക്കുക. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളോടും മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കും എന്ന സത്യ വാചകം ചൊല്ലി അധികാരമേറ്റ ഒരു മന്ത്രിക്ക് ഈ വർഗീയ വിഷം വമിപ്പിക്കൽ ചേർന്നതാണോ എന്നും ആലോചിക്കുക. എന്തായാലും താങ്കളെ പോലെയുള്ള ഒരു വർഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് ഞാനടക്കമുള്ള മലയാളികളുടെ ഗതികേടാണ്. അതേസമയം ഇത് ജാഗ്രത കുറവ് മൂലമുണ്ടായ അബദ്ധമാണെങ്കിൽ അത് തുറന്ന് പറയണം. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ ഞാൻ തയ്യാറാണ്. ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ താങ്കൾ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു.
വിശ്വസ്തതയോടെ