ആദ്യത്തെ കണ്മണിയെ 5ആം ദിവസം രാവിലെ ദൈവം ഞങ്ങളിൽ നിന്ന് തിരിച്ചെടുത്തു, ഹൃദയം തൊടുന്ന കുറിപ്പ്

ആദ്യത്തെ കണ്മണിയെ അഞ്ചാം ദിവസം വിധി തട്ടിയെടുത്തതിന്റെ കഥ പങ്കുവെക്കുകയാണ് സനി പ്രതീഷ് എന്ന അമ്മ. 7മാസത്തിനു ശേഷം രണ്ടാമത് പ്ര​ഗ്നന്റായതും ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളുമാണ് കുറിപ്പിൽ പങ്കുവെക്കുന്നത്. 2020 സെപ്റ്റംബർ മാസം 28 നു രാവിലെ 9.25 നു ഞാൻ വീണ്ടും ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു.ദൈവത്തിന്റെ അത്ഭുതം എന്ന് തന്നെ പറയട്ടെ എനിക്ക് നഷ്ടപെട്ട എന്റെ കുഞ്ഞിന്റെ അതെ രൂപത്തോടും ഭാരത്തോടും കൂടെ ഞങ്ങളുടെ കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടെ ദൈവം തിരിച്ചുതന്നെന്ന് സനി പറയുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഒരു അമ്മയാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എത്ര വലിയ സ്വപ്നമാണ്….9 മാസത്തിന്റെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞിനെ കൈയിലേക്ക് കിട്ടുന്ന ഒരു സമയം….ഓരോ സ്ത്രീയുടെയും ജീവിതത്തിലെ എത്ര ധന്യമായ നിമിഷമാണ്…? ആ നിമിഷത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചത് 2019 സെപ്റ്റംബർ മാസത്തിലായിരുന്നു…ഒരു അമ്മയിലേക്ക് ഞാൻ സഞ്ചരിച്ച വഴി ഒരുപാട് കഠിനമായിരുന്നു.ഞാൻ അനുഭവിച്ച വേദന അത്രത്തോളം വലുതായിരുന്നു.

വിവാഹം കഴിഞ്ഞു ഞങ്ങൾ ആഗ്രഹിച്ച സമയത്തു തന്നെ ദൈവം എന്റെ ഉദരത്തിൽ ഒരു കുഞ്ഞു ജീവനെ തന്നു…എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്..അന്ന് ഞങ്ങൾ സൗദിയിൽ നഴ്സുമാരായി ജോലി ചെയ്യുന്ന സമയം.8 മണിക്കൂർ ജോലിയിൽ നിന്നുതിരിയാൻ പോലും സമയമില്ല. കൃത്യമായി ആഹാരം കഴിക്കാൻ പോലും സമയം കിട്ടാറില്ല. ആ ഞാൻ പീന്നീടങ്ങോട്ടുള്ള ഓരോ ദിവസവും എന്റെ ജീവന്റെ തുടിപ്പിന് വേണ്ടി സമയം കണ്ടെത്തി ആഹാരം കഴിച്ചു…ആദ്യ മൂന്ന് മാസം എല്ലാവരെയും പോലെ എനിക്കും പ്രയാസമായിരുന്നു…. ഛർദിയും ക്ഷീണവും കൂടി വന്നു…അടുക്കളയിൽ പോലും കയറാൻ പറ്റാത്ത വിധത്തിലുള്ള ഛർദി… പക്ഷെ അച്ചാച്ചൻ എന്നെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്തു നിന്നു.16-മത്തെ ആഴ്ച സ്കാനിംങിനായി പോയപ്പോൾ ഞങ്ങളുടെ സന്തോഷത്തിനു ചെറിയൊരു കോട്ടം തട്ടിക്കുംവിധത്തിൽ ഡോക്ടർ ഞങ്ങളോട് കുഞ്ഞിന് CDH (congenital diaphragmatic hernia) എന്ന deformity ഉണ്ടെന്ന് പറഞ്ഞ് . ഒരു pediatric നേഴ്സുമാർ അല്ലാത്തതു കൊണ്ടാവാം അതിനെ പറ്റി വലിയ ധാരണകൾ ഞങ്ങൾക്കില്ലായിരുന്നു… പിന്നീടുള്ള ഓരോ ദിവസവും CDH നെ കുറിച്ച് കൂടുതൽ മനസിലാക്കാൻ തുടങ്ങി.ഞങ്ങളുടെ ടെൻഷനും ഗൂഗിളിലൂടെ ഞങ്ങൾക്ക് കിട്ടുന്ന അറിവും കൂടി കൂടി വന്നു.എന്നാലും ഡോക്ടർസിന്റെ വാക്കുകൾ പ്രതീക്ഷകൾ നൽകുന്നതായിരുന്നു….

ഒരു ചെറിയ സർജറി.കുഞ്ഞു ശരീരത്തിൽ കത്തി വക്കുന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല…. പക്ഷെ അതൊന്നും ആവശ്യമായി വരില്ല എന്ന് ഞങ്ങൾ ഞങ്ങളെ തന്നെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു…. വീണ്ടും 5ആം മാസത്തിലെ സ്കാനിങ്ങിനായി പോയി. റിസൾട്ടിൽ CDH തന്നെ ആണെന്ന് ഉറപ്പിച്ചു പറഞ്ഞു…എങ്കിലും പ്രാർത്ഥനയോ വിശ്വാസമോ കൈവിട്ടില്ല… വീണ്ടും ഛർദിയും ക്ഷീണവും 9 മാസത്തോളവും നീണ്ടുനിന്നു…റിസ്ക് കാറ്റഗറിയിൽ ആയതു കൊണ്ടുതന്നെ എല്ലാമാസവും സ്കാനിംഗ് ചെയ്യാൻ ഡോക്ടർ എന്നോട് ആവശ്യപ്പെട്ടു…ഓരോ സ്കാനിംഗ് കഴിയുമ്പോഴും കുഞ്ഞിന്റെ ഹാർട്ട്ബീറ്റും അനക്കവും ഞങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകികൊണ്ടേ ഇരുന്നു…. അങ്ങനെ maternity leave എടുത്തു 35ആം ആഴ്ച ഞാൻ നാട്ടിലേക്കു വന്നു…വീണ്ടും സ്കാനിങ് ചെയ്തു ഡോക്ടറെ കണ്ടപ്പോഴാണ് എത്രത്തോളം കോംപ്ലിക്കേഷൻസ് ആണ് എന്റെ കുഞ്ഞിനെന്ന് ഞങ്ങൾ മനസിലാക്കിയത്….

ഒരു നിമിഷം കൊണ്ട് എല്ലാ പ്രതീക്ഷകളും അവസാനിച്ചതുപോലെ…..അന്ന് തന്നെ അവിടെ അഡ്മിറ്റ്‌ ആയി പിറ്റേന്ന് തന്നെ ഓപ്പറേഷനിലൂടെ കുഞ്ഞിനെ എടുക്കാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നുപോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു….അങ്ങനെ 2019 മെയ്‌ മാസം 21 ആം തിയ്യതി ഉച്ചക്ക് 1.03 നു ഒരു ആൺകുഞ്ഞിനെ ദൈവം ഞങ്ങൾക്ക് തന്നു…. അനസ്ഥേഷ്യയുടെ വേദനയിലും മയക്കത്തിലും ഒരു നോക്ക് ഞാനെന്റെ കുഞ്ഞിനെ കണ്ടു…. ഇത്ര സുന്ദരനായ ഒരു കുഞ്ഞിനെ,,ദൈവമേ നീയെനിക്കു തന്നുവല്ലോ എന്ന് ഞാൻ ചിന്തിച്ചു…ശേഷം കുഞ്ഞിനെ nicu ലേക്ക് ഷിഫ്റ്റ്‌ ചെയ്തു…പിന്നീട് ഓരോ ദിവസവും ഞാൻ നഴ്സിങ്ങിൽ പഠിച്ച ഓരോന്നും…blood transfusion, ventillator, suctioning, abg അങ്ങനങ്ങന്നെ പലതും

എന്റെ കുഞ്ഞിൽ ചെയ്യുന്നത് ഞാൻ അറിഞ്ഞു….മൂന്നാം ദിവസം കുഞ്ഞിന് സർജറി വേണമെന്ന് പറഞ്ഞു.വീണ്ടും പ്രതീക്ഷയോടെ ഞങ്ങളതിനു സമ്മതിച്ചു. അന്ന് ഞാൻ അനുഭവിച്ച cesarean ന്റെ വേദന ഒന്നുമല്ലെന്നു എന്റെ കുഞ്ഞിനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയപ്പോൾ ഞാൻ അറിഞ്ഞു.. 4ആം ദിവസം അച്ചാച്ചന് ലീവ് കിട്ടി നാട്ടിലേക്കു വന്നു.ആ സമയത്ത് സർജറി കഴിഞ്ഞു കുഞ്ഞിനെ വീണ്ടും nicu ലേക്ക് മാറ്റിയിരുന്നു.വീണ്ടും പ്രതീക്ഷ തന്നുകൊണ്ട് കുഞ്ഞിന്റെ saturation improve ആവാൻ തുടങ്ങി… ഒരു ചില്ലിനപ്പുറം എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും കഴിയാതെ ഒരു തുള്ളി പാല് പോലും കൊടുക്കാൻ പോലും ആവാതെ 4ദിവസം ഞാൻ തള്ളിനീക്കി….പക്ഷെ 5ആം ദിവസം രാവിലെ ഞങ്ങളുടെ കുഞ്ഞിനെ ദൈവം ഞങ്ങളിൽ നിന്ന് തിരിച്ചെടുത്തു.The Lord gave and the Lord has taken away; may the name of the Lord be praised (job1:21).

ആ വേദന പിന്നീടെന്നും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.9 മാസം ഞാൻ ചുമന്ന എന്റെ കുഞ്ഞ്..ആരോഗ്യത്തോടെ നീയെനിക്കവനെ തന്നിരുന്നെങ്കിൽ… എന്തുകൊണ്ട് ഞങ്ങളോട് ഇങ്ങനെ .? അങ്ങനെ പല ചോദ്യങ്ങളും ചോദിച്ചുകൊണ്ടേ ഇരുന്നു…അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ച എന്റെ അച്ചാച്ചൻ.. ഞങ്ങളുടെ വീട്ടുകാർ…ഞങ്ങളുടെ സുഹൃത്തുക്കൾ.. അച്ചന്മാർ…ഇടവകക്കാർ..പക്ഷെ ഞാൻ വിചാരിക്കാത്ത പലരും എന്റെ വേദനയെ കണ്ടില്ല എന്ന് നടിച്ചതും ഒരു മറക്കാത്ത വേദനയായി എന്നോട് കൂടെയുണ്ടായിരുന്നു..ജൂലൈ 3നു വീണ്ടും ഞാൻ സൗദിയിലേക്ക് പോയി… ജോലി തുടർന്നു… പല ചോദ്യങ്ങളും സഹതാപത്തോടെയുള്ള നോട്ടങ്ങളും എന്നെ നിശബ്ദയാക്കി…. വീണ്ടും ഞാൻ, ഞങ്ങൾക്ക് നഷ്ടപെട്ട കുഞ്ഞിനായി തന്നെ പ്രാർത്ഥിച്ചു…. ആൺകുട്ടിയോ പെൺകുട്ടിയോ എന്നല്ല ആരോഗ്യത്തോടെ ഒരു കുഞ്ഞ് എന്നതായിരുന്നു എല്ലാവരുടെയും പ്രാർത്ഥന.. 7മാസത്തിനു ശേഷം ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി..

ആദ്യ പ്രെഗ്നൻസിയുടെ എല്ലാ ടെൻഷനും കൂടി വന്നു. സ്കാനിംഗ് കഴിയുമ്പോൾ നോർമൽ ആണെന്ന് കേട്ടാൽ പോലും ഒരു പേടിയായിരുന്നു.. അങ്ങനെ 2020 സെപ്റ്റംബർ മാസം 28 നു രാവിലെ 9.25 നു ഞാൻ വീണ്ടും ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു.ദൈവത്തിന്റെ അത്ഭുതം എന്ന് തന്നെ പറയട്ടെ എനിക്ക് നഷ്ടപെട്ട എന്റെ കുഞ്ഞിന്റെ അതെ രൂപത്തോടും ഭാരത്തോടും കൂടെ ഞങ്ങളുടെ കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടെ ദൈവം തിരിച്ചുതന്നു…. ഓരോ സ്ത്രീയും ഓരോ പോരാളിയാണ്…. ഒരുപക്ഷെ എന്നേക്കാൾ വേദന സഹിച്ച ഒരുപാട് അമ്മമാർ ഈ ലോകത്തു കാണും… അവരോടെല്ലാം ബഹുമാനം മാത്രം…കടന്നു പോയ വഴികളിൽ താങ്ങും തണലുമായി നിന്ന എന്റെ മൂന്നു അമ്മമാരോടും(എന്റെ അമ്മ, എന്റെ ടീച്ചറമ്മ, എന്റെ ലിസ മമ്മി)സ്നേഹം മാത്രം…