തലവേദനയില്‍ തുടക്കം, 13 വര്‍ഷം നീണ്ട പോരാട്ടം, ശരണ്യയുടെ ജീവിത കഥ

മലയാളികള്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് ശരണ്യ. നാടന്‍ വേഷങ്ങളില്‍ ശാലീന സുന്ദരിയായി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ കടന്നുകൂടിയ താരം. ഒരുകാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വില്ലത്തിയായും ശരണ്യ തിളങ്ങിയിട്ടുണ്ട്. 2012ല്‍ തന്റെ കരിയറില്‍ ഏറ്റവും തിളങ്ങി നില്‍ക്കവെയാണ് തലവേദനയുടെ രൂപത്തില്‍ ട്യൂമര്‍ ശരണ്യയുടെ ജീവിതത്തിലേക്ക് എത്തുന്നത്. തെലുങ്കില്‍ സ്വാതി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയമാണ് ശക്തമായ തലവേദന ഉണ്ടാകുന്നത്. തുടര്‍ന്ന് ഡോക്ടറെ കണ്ട ശേഷം മൈഗ്രേയ്‌നുള്ള മരുന്ന് രണ്ട് മാസം കഴിച്ചു. 2012ല്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് നടിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് വ്യക്തമാകുന്നത്.

പിന്നീട് തുടരെയുള്ള ചികിത്സയായിരുന്നു. പല ഓപ്പറേഷനുകളും റേഡിയേഷനുകളും മറ്റും ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ വല്ലാതെ ബാധിച്ചു. തലയില്‍ നടത്തിയ ഏഴാം ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു വശം തന്നെ തളര്‍ന്നു പോയി. പല പ്രാവശ്യം രോഗത്തെ ശരണ്യ പൊരുതി തോല്‍പ്പിച്ചു. എന്നാല്‍ വീണ്ടും വീണ്ടും വിധി അവളോട് ക്രൂരത കാട്ടി. രോഗം മാറി എന്ന് ആശ്വസിക്കുമ്പോള്‍ അതി ശക്തമായി വീണ്ടും രോഗം ആ ശരീരത്തെ തളര്‍ത്തി. എന്നിട്ടും തന്റെ ആത്മവിശ്വാസം കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പിടിച്ചു നില്‍ക്കാന്‍ ശരണ്യയ്ക്കായി.

ആകെ 11 ശസ്ത്രക്രിയകളാണ് ശരണ്യയ്ക്ക് നടത്തിയത്. 2012-20 കാലഘട്ടത്തില്‍ തലയില്‍ മാത്രം ഒമ്പത് ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നു. 33 പ്രാവശ്യം റേഡിയേഷനും ചെയ്തു. വരുമാനം എല്ലാം നിലച്ചതോടെ സാമ്പത്തികമായി നടി തകര്‍ന്ന് പോയി. എന്നാല്‍ ഈ സമയത്തൊക്കെ ശരണ്യയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നത് സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി നായരായിരുന്നു. അര്‍ബുദത്തോട് നടി മല്ലിടുന്ന സമയത്താണ് സുഹൃത്തായ ബിനുവിന്റെ ആലോചന നടിക്ക് വരുന്നത്. 2014 ഒക്ടോബര്‍ 26 ശരണ്യയും ബിനുവും വിവാഹിതരായി. എന്നാല്‍ വിവാഹ ശേഷവും ട്യൂമര്‍ രൂക്ഷമായതോടെ വിവാഹ ജീവിതത്തിലും ഉലച്ചിലുണ്ടായി. ഒടുവില്‍ ആ ബന്ധം അവസാനിച്ചു.

പിന്നീടുള്ള ജീവിതത്തില്‍ പോരാട്ടം ശരണ്യ തനിച്ചായിരുന്നു. ശാരീരികവും മാനസികമായും തളര്‍ന്ന ശരണ്യയ്ക്ക് പിന്നീട് ചികിത്‌സാ ചെലവുകള്‍ക്കായി ഉണ്ടായിരുന്നതെല്ലാം വിറ്റുകളയേണ്ട അവസ്ഥയും ഉണ്ടായി. സാമ്പത്തികമായും തകര്‍ന്നതോടെ അമ്മയും ശരണ്യയും ഒറ്റയ്ക്കായി. പിന്നീട് സീമ ജീ. നായരുടെ നേതൃത്വത്തിലുള്ള സുമനസ്സുകളുടെ സഹായത്താല്‍ വാടകവീട്ടില്‍ നിന്നും സ്വന്തം വീടായ സ്‌നേഹ സീമയിലേക്ക് ശരണ്യയും അമ്മയും താമസം മാറ്റിയിരുന്നു. അസുഖം മാറി വെള്ളിത്തിരയില്‍ തിരിച്ചെത്തണമെന്ന് ശരണ്യ എന്നും ആഗ്രഹിച്ചിരുന്നു. ആ സ്‌നേഹസീമയില്‍ നിന്ന് ഇപ്പോള്‍ അമ്മയെ തനിച്ചാക്കി ശരണ്യ യാത്രയായിരികക്കുകയാണ്.