ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, അന്തിമ വാദം കേൾക്കും

ന്യൂഡൽഹി: സുപ്രീം കോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്.എൻ.സി. ലാവലിൻ കേസിൽ ബുധനാഴ്ച അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതുവരെ ലാവലിൻ കേസ് 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരി ടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാ ക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി .

ഫെബ്രുവരി ആറിനാണ് ലാവലിൻ കേസ് ഒടുവിൽ പരിഗണിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്.