അദ്ധ്യാപിക കുഴഞ്ഞു വീണ് മരിച്ചു, സംഭവം വിദ്യാർത്ഥികളുടെ യാത്രയയപ്പ് വേളയിൽ സംസാരിക്കവെ

തൃശൂർ : ക്ലാസ് മുറിയിൽ അദ്ധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. വിദ്യാർത്ഥികളുടെ യാത്രയയപ്പ് വേളയ്‌ക്കിടെയായിരുന്നു സംഭവം. കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ അദ്ധ്യാപിക രമ്യ (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഹയർസെക്കൻഡറി ബാച്ചിന്റെ യാത്രയയപ്പ് നടക്കവെയാണ് സംഭവം ഉണ്ടായത്.

എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട് എന്ന് പറഞ്ഞ് വിദ്യാർത്ഥികളോട് സംസാരം ആരംഭിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഇതോടെ കുട്ടികളും പേടിച്ച് നിലവിളിച്ചു. സഹ അദ്ധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ രമ്യയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബിന്റെ ഭാര്യയാണ് രമ്യ. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കൊരട്ടി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.