സിപിഎം ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു

ആലപ്പുഴ. എസ്ഡിപിഐ ബന്ധത്തെച്ചൊല്ലി സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു. ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധമാണ് രാജിക്ക് കാരണം. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട്, ചെറുമിക്കാട് എന്നി ബ്രാഞ്ചുകള്‍ക്ക് കീഴില്‍ മുഴുവന്‍ അംഗങ്ങളും രാജി നല്‍കി. 14 സിപിഎം അംഗങ്ങള്‍ പാര്‍ട്ടിവിട്ടതായിട്ടാണ് വിവരം.

അതേസമയം മാര്‍ച്ച് ആദ്യം 38 പേര്‍ ഏരിയ ജില്ലാ നേതൃത്വങ്ങള്‍ക്ക് രാജി നല്‍കിയിരുന്നു. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബന്ധം ഉണ്ടെന്നാണ് രാജിവെച്ചവര്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. അതേസമയം സിപിഎമ്മില്‍ കടുത്ത പ്രതിഷേധം വിഷയത്തില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

സിപിഎം സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസുകള്‍ ലോക്കല്‍ സെക്രട്ടറി നടത്തിയില്ലെന്നും പരാതിയുണ്ട്. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്നും കൂടുതല്‍ പേര്‍ രാജിവെക്കും. അതേസമയം ലോക്കല്‍ സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്ഡിപിഐ വിജയിച്ചുവെന്നും രാജിവെച്ചവര്‍ പറയുന്നു.